അവശിഷ്ടങ്ങൾ സമീപത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ജീവനക്കാരുടെ ദേഹത്ത് വീഴുന്നതായി പരാതി

ഇരിങ്ങാലക്കുട: ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം പ്രവർത്തിക്കുന്ന മുക്തിസ്ഥാൻ ശ്മശാനത്തിൽ നിന്നും മൃതദേഹം കത്തിച്ചതിന്‌ ശേഷമുള്ള അവശിഷ്ടങ്ങൾ സമീപത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ജോലി ചെയ്യുന്നവരുടെ ദേഹത്ത് വീഴുന്നതായി പരാതി. മൃതദേഹം ഗ്യാസ്‌ ചേമ്പറിൽ കത്തിച്ചതിന്‌ ശേഷം ഇതിന്റെ പുകക്കുഴലിൽ നിന്ന് അവശിഷ്ടങ്ങൾ ദേഹത്തേയ്ക്ക് വീഴുന്നതായാണ് ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾ പറയുന്നത്.

ഇടയ്ക്കിടെ ഈ സംഭവം ഉണ്ടാകുന്നതായും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള കൊഴുപ്പുള്ള അവശിഷ്ടങ്ങൾ ദേഹത്ത് വീണതിനെ തുടർന്ന് സ്ത്രീകൾക്ക് ചൊറിച്ചൽ അനുഭവപ്പെട്ടതായി പറയുന്നു.

തൊഴിലാളികളായ 13 സ്ത്രീകൾ ചൊറിച്ചിൽ അസഹനീയമായതിനെ തുടർന്ന് പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. അവശിഷ്ടങ്ങൾ പുറത്തേക്ക് വരാത്ത രീതിയിൽ ശ്മശാനത്തിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ മൃതദേഹവുമായി വരുന്നവരെ തടയേണ്ടി വരുമെന്ന് ഇവർ പറഞ്ഞു. ശ്മശാനങ്ങൾ നാടിന് ആവശ്യമാണെന്നും, എന്നാൽ അത്‌വേണ്ട വിധം പരിസരവാസികൾക്ക്‌ ദോഷമില്ലാത്ത രീതിയിൽ പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൻ ആവശ്യപ്പെട്ടു. മുക്തിസ്ഥാനിലെ പുകക്കുഴലിന്‌ വേണ്ട വലിപ്പം ഇല്ലെന്നും, കൃത്യമായ ഇടവേളയിൽ വൃത്തിയാക്കത്തതും മൂലമാണ് ഇത്തരത്തിൽ അവശിഷ്ടങ്ങൾ കോമ്പൗണ്ടിന് പുറത്തേയ്ക്ക്‌ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.