ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലി ആഘോഷത്തോടൊപ്പം വിജയോത്സവവും സംഘടിപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരേയും വിവിധ മേഖലകളിൽ സംസ്ഥാനതലത്തിൽ മികവ് പുലർത്തിയവരേയും 30ന് ആദരിക്കും. നഗരസഭ അതിർത്തിയിൽ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും നഗരസഭ ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിക്കും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്കാണ് വിജയോത്സവ ചടങ്ങ്. തുടർന്ന് സംഗീത വിരുന്നും നടക്കും. 31ന് വൈകിട്ട് 5ന് ജൂബിലി ആഘോഷം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. സുവർണ സ്പർശം ജീവകാരുണ്യ പദ്ധതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സമാദരണം ബെന്നി ബെഹന്നാൻ എം.പി, സ്മരണിക പ്രകാശനം ടി.ജെ. സനീഷ് കുമാർ എം.എൽ.എയും നിർവഹിക്കും. 50 വർഷത്തെ നഗരസഭ ഭരണ സമിതികൾക്ക് നേതൃത്വം നൽകിയ മുൻ ചെയർമാൻമാരെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിന് ശേഷം പ്രസിദ്ധ സിനിമ പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റുമുണ്ടാകും. ചെയർപേഴ്‌സൺ ഇൻ ചാർജ് അദ്ധ്യക്ഷത വഹിച്ചു.