1

തൃശൂർ: ജില്ലയിൽ ഒരു ദിവസം 12 പേരെങ്കിലും റോഡ് അപകടങ്ങളിൽ മരിക്കുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്യുന്നതായി കണക്കുകൾ. ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ദിവസം പത്തുപേർ എന്നതായിരുന്നു 2019ലെ കണക്ക്.

കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2019 മുതൽ 2022 വരെയുള്ള റോഡപകടങ്ങളെക്കുറിച്ചുള്ള വിശകലനമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാെവിഡ് മഹാമാരിയിലും അതിനുശേഷവും റോഡ് അപകടങ്ങളിൽ കുറവുണ്ടായിട്ടില്ല.
ജില്ലയിലെ റോഡപകടങ്ങളുടെ വിശകലനം, തദ്ദേശ സ്ഥാപനങ്ങളുടെ 2021 - 2031 വരെയുള്ള ജനസംഖ്യ എന്നീ റിപ്പോർട്ടുകൾ പ്രകാശനം ചെയ്തു. കാർഷിക സ്ഥിതിവിവരക്കണക്ക് സർവേയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സർവേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി (തൃശൂർ റൂറൽ) ഐശ്വര്യ ഡോംഗ്രെ നിർവഹിച്ചു.

അഡീഷണൽ ജില്ലാ ഓഫീസർ (എസ്.ആർ) മിനി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ (അഗ്രി. സെൻസസ്) റോയ് തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ. ശ്രീലത, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ കെ.കെ. സിനിയ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എൻ.എസ്.ഒ. ഡോളി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. ശ്രീധര വാര്യർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സി. ദിദിക എന്നിവർ സംസാരിച്ചു.

അശ്രദ്ധയരുതേ...

അമിതവേഗം, ഓവർടേക്കിംഗ്, അശ്രദ്ധമായി വാഹനമോടിക്കുക, സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയാണ് പ്രധാനമായും അപകടങ്ങളിലേക്ക് നയിക്കുന്നത്. 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.

വർഷവും റോഡ് അപകടങ്ങളും