തൃശൂർ: റേഷൻ സാധനങ്ങൾ വിതരണം നടത്തുന്ന വാഹനങ്ങൾ വഴിമാറിയാൽ താലൂക്ക് സപ്‌ളൈ ഓഫീസർ മുതൽ സപ്‌ളൈകോ ജനറൽ മാനേജർ വരെയുള്ളവർക്ക് ഞൊടിയിടയിൽ ഇനി സന്ദേശമെത്തും. വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കിംഗ് സംവിധാനം തൃശൂർ താലൂക്കിൽ കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങി. മറ്റ് താലൂക്കുകളിലേക്കും ഉടൻ സംവിധാനം നടപ്പാക്കും.
കരിഞ്ചന്തയിലേക്ക് റേഷൻ സാധനങ്ങളുടെ കടത്തും അഴിമതിയും തടയാനാണിത്. കരാർ വാഹനങ്ങൾ കടന്നുപോകുന്ന മുഖ്യറോഡുകളും ഉപറോഡുകളും അടക്കം അധികൃതർക്ക് ഇതുവഴി നിരീക്ഷിക്കാനാകും. ഗൂഗിൾ മാപ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട് മാപ് അതത് താലൂക്കിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാർക്ക് പരിശോധിക്കാം. അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുടങ്ങിയവയും അധികൃതർക്ക് കൃത്യമായി പരിശോധിക്കാനാകും.
ജില്ലാ സപ്ലൈ ഓഫീസർക്കും വാഹനങ്ങളുടെ നീക്കത്തെക്കുറിച്ച് ജാഗ്രതാസന്ദേശങ്ങൾ ലഭിക്കും. റേഷൻസാധനങ്ങളുടെ വാതിൽപ്പടി വിതരണം സുതാര്യമാകുന്നതോടെ കാലങ്ങളായുളള ആക്ഷേപങ്ങൾക്കും ശമനമാകും. ജി.പി.എസ് ഘടിപ്പിക്കുന്നത് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.
2017ൽ നിലവിൽവന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ സുപ്രധാന നിർദേശമായിരുന്നു ഇത്. സർക്കാരിന്റെ നൂറിന പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളിലും ജി.പി.എസ് ഉണ്ടായിരുന്നു. നോഡൽ ഏജൻസിയായ സപ്ലൈകോയാണ് ഇതിന് നേതൃത്വം നൽകുന്നത്. ജി.പി.എസ് സഹിതം വാഹനത്തിന്റെ എല്ലാ വിവരങ്ങളും സപ്ലൈകോയ്ക്ക് നൽകിയാണ് കരാറുകാർ ടെൻഡറിൽ പങ്കെടുക്കുന്നത്.
ചില വ്യാപാരികൾ പണം അടയ്ക്കുന്നതിൽ സ്ഥിരമായി കാലതാമസം വരുത്തുന്നുണ്ടെന്ന് പറയുന്നു. റേഷൻ വിതരണത്തിന്റെ ക്രമീകരണം വ്യാപാരികൾ സാധനങ്ങളുടെ വില സർക്കാരിൽ അടയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ മാസം വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള തടസം അതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റേഷൻ കടയിലേക്ക് തിരിഞ്ഞുനോക്കാതെ ജീവനക്കാരെ മാത്രം എല്ലാം ഏൽപ്പിച്ച് പരാതികൾ മാത്രം പറയുന്ന വ്യാപാരികളുമുണ്ട്. ഇ - പോസ് മെഷിൻ ലോഗിൻ ചെയ്യാൻ തയ്യാറാകാത്ത ലൈസൻസികൾക്കെതിരെ നടപടിയും എടുത്തിരുന്നു. കാലതാമസം വരുത്തുന്ന റേഷൻ വ്യാപാരികൾക്കെതിരെയും കർശന നടപടിയുണ്ടാകും.
വാതിൽപ്പടി വിതരണം സാധാരണ 20നുള്ളിൽ പൂർത്തിയാകാറുണ്ട്. മാസാവസാനം അടുത്ത മാസത്തേക്ക് വിതരണം ചെയ്യാനുള്ള 50 ശതമാനം റേഷൻകടകളിൽ എത്തിക്കാറുണ്ട്.
ജി.പി.എസ് ട്രാക്കിംഗ് സംവിധാനം നിലവിൽ വന്നതോടെ റേഷൻ വിതരണം കൂടുതൽ സുതാര്യമാകും. റേഷൻ ലൈസൻസികളെയും കൃത്യമായി നിരീക്ഷിക്കും. വാതിൽപ്പടി വിതരണം ഈമാസം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ റേഷൻ കടകളിലും ഈ മാസത്തേക്കുള്ള റേഷൻ ഭക്ഷ്യ സാധനങ്ങൾ ലഭ്യമാണ് .
- പി.ആർ. ജയചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ