തൃശൂർ: വിദ്യാഭ്യാസരംഗം വിജയകരമായി മുന്നേറുകയാണെന്നും തൊഴിലന്വേഷകർ എന്നതിലുപരി തൊഴിൽദായകരായും വിദ്യാർത്ഥികൾ മാറണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജില്ലാ പഞ്ചായത്തിന്റെ 'സമാദരണം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പ്രദായിക പാതകൾ മാത്രമല്ല, പുതിയ സാദ്ധ്യതകളുണ്ട്. കുട്ടികളുടെ സവിശേഷമായ കഴിവുകൾ കണ്ടെത്തി പുതിയ മേഖലകളിലും എത്താൻ കഴിയണം. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വിദ്യ കൊണ്ട് പ്രബുദ്ധരാകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന സമ്പൂർണ വിജയം നേടിയ 39 വിദ്യാലയങ്ങൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി വിഭാഗത്തിൽ നിന്ന് 342 വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി വിഭാഗത്തിലെ 429 വിദ്യാർത്ഥികൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ 5 വിദ്യാർത്ഥികൾക്കും മന്ത്രി പുരസ്‌കാരങ്ങൾ നൽകി. ജില്ലാ പഞ്ചായത്തും സൃഷ്ടിയും സംയുക്തമായി നടത്തുന്ന ഡിജിറ്റൽ സാക്ഷരത പ്രവർത്തനങ്ങളുടെ ലോഗോയുടെ പ്രദർശനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ കെ.എസ്. ജയ, പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, അഡ്വ ജോസഫ് ടാജറ്റ്, വി.എം സുർജിത്ത്, ഷീല അജയഘോഷ്, സുഗത, ബെന്നി ലിനി, ഡോ ശ്രീജ, ഡോ ബിനോയ്, വി.എം കരിം, എ.കെ. അജിതകുമാരി, ജസ്റ്റിൻ പി തോമസ്, വിദ്യാഭ്യാസആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ എ.വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകൻ എന്നിവർ പ്രസംഗിച്ചു.