തൃശൂർ: ജില്ലയിൽ 2022 - 23 സാമ്പത്തിക വർഷത്തിൽ 756 കോടി രൂപയുടെ പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം. 58 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 11,170 പദ്ധതികളാണ് അംഗീകരിച്ചത്. ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന വാർഷിക പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.
ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകൾക്കും ഇരിങ്ങാലക്കുട, പുഴക്കൽ, ചൊവ്വന്നൂർ, ചാലക്കുടി,ഒല്ലൂക്കര, മതിലകം, വടക്കാഞ്ചേരി, വെള്ളാങ്കല്ലൂർ, മാള, ചേർപ്പ് എന്നിങ്ങനെ 10 ബ്ലോക്കുകളുടെയും 45 പഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, എസ്.ആർ.ജി മെമ്പർ അനൂപ് കിഷോർ, ആസൂത്രണ സമിതി സർക്കാർ നോമിനി എം.എൻ. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.