1

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഇന്ന് സന്ദർശിക്കും. വിഷയം സംബന്ധിച്ച് പൊലീസ് അധികൃതരോട് അഡ്വ. ഷിജി ശിവജി വിവരം ആരാഞ്ഞിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ അടിയന്തരമായി വിശദമായ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

ബന്ധുവുമായി ഭാര്യക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായിരുന്നു. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ ഇയാൾ ബന്ധുവിനും അയച്ചുകൊടുത്തു. സ്ത്രീയുടെ പരാതിയിൽ ബന്ധുവിനെയും അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യഭാഗത്ത് ബിയർ ബോട്ടിൽ കുത്തി മുറിവേൽപ്പിച്ചതായും യുവതി നൽകിയ മൊഴിയിൽ പറയുന്നു.

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ സ്ത്രീ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ് വിവരം അറിയുന്നത്.