കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വില്ലേജിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സമഗ്രമായ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് പുല്ലൂറ്റ് എ.കെ. അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലയുടെ അഞ്ചാമത് വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈബ്രറി സെസ് കൃത്യമായി അടയ്ക്കുക, കെ.കെ.ടി.എം കോളേജിൽ ബി. കോം കോഴ്‌സ് ആരംഭിക്കുക, പുല്ലൂറ്റ് ചാപ്പാറ മുത്തിക്കടവ് മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

വായനശാല പ്രസിഡന്റ് എൻ.എ.എം. അഷറഫ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ - പൊയ്യ നേതൃസമിതി കൺവീനർ പി.എൻ. വിനയചന്ദ്രൻ, വായനശാല സെക്രട്ടറി എൻ.എസ്. ജയൻ, വനിതാവേദി പ്രസിഡന്റ് പി.എസ്. സീതു എന്നിവർ സംസാരിച്ചു.