dog

മണ്ണുത്തി: വെറ്ററിനറി ഫാമിലെ ക്വാർട്ടേഴ്‌സിന്റെ മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. മൂന്ന് വയസുകാരനും പന്ത്രണ്ട് വയസുകാരനുമാണ് കടിയേറ്റത്. കുട്ടികളെ മെഡിക്കൽ കോളേജിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. ശനിയാഴ്ച അഞ്ചോടെയാണ് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നായ് ആക്രമിച്ചത്.

കുട്ടികൾക്ക് പുറമേ രണ്ട് നായ്ക്കളെയും കടിച്ചു. ഞായറാഴ്ച വീണ്ടും ഈ നായയുടെ ആക്രമണമുണ്ടായതായി പറയുന്നു. കൂടുതൽ നായ്ക്കൾക്ക് കടിയേറ്റിട്ടുള്ളതായി സംശയിക്കുന്നു. ഫാം അധികൃതർ കൗൺസിലർ രേഷ്മ ഹേമേജിനെ അറിയിച്ചതനുസരിച്ച് കോർപറേഷനിലെ നായ് പിടുത്തക്കാരെ കൊണ്ടുവന്ന് ഫാം തൊഴിലാളികളോടൊപ്പം കടിച്ച നായയെയും കടിയേറ്റ രണ്ട് നായ്ക്കളെയും പിടികൂടി.
കടിയേറ്റ നായ്ക്കൾക്കും രോഗലക്ഷണം കാണിച്ചതായി പറയുന്നു. പിടികൂടിയ നായ്ക്കളിൽ രണ്ടെണ്ണം ചത്തു. ഇതോടെ ക്വാർട്ടേഴ്‌സിലുള്ളവരും പരിഭ്രാന്തിയിലായി. ക്വാർട്ടേഴ്‌സിലും പരിസരത്തുമായി അലഞ്ഞ് നടക്കുന്ന നിരവധി നായ്ക്കളുണ്ട്. ഇവയെ പിടികൂടുകയോ വന്ധ്യംകരണം നടത്തുകയോ ചെയ്തിട്ടില്ല.

രാവിലെ പ്രഭാതസവാരിക്കായി നിരവധി പേരെത്താറുണ്ട്. നായയുടെ ആക്രമണം അറിഞ്ഞതോടെ അവരും പരിഭ്രാന്തിയിലാണ്. ഫാമിലെ മൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമോ എന്ന ഭയത്തിലാണ് ഫാം തൊഴിലാളികളും.