dam

പറപ്പൂർ: ഒരു നാടിന്റെ രക്ഷകനായി മാറുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്‌കൂബ ഡൈവറായ തോളൂർ സ്വദേശി അമൽജിത്ത്. വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്ന കർണാടകയിലെ കോയ്ന ഡാമിന്റെ സമീപ ഗ്രാമങ്ങളെയാണ് അമൽജിത്തും സംഘവും രക്ഷിച്ചത്.

മഹാരാഷ്ട്രയിലെ വലിയ ഡാമുകളിലൊന്നായ കോയ്‌ന ഡാം തുറന്ന് ഭീതിദമായി ഉയർന്നെത്തിയ വെള്ളം താഴ്ത്താനായി ചെക് ഡാമിന്റെ ഷട്ടറുകൾ മാനുവലായി ഉയർത്തിയാണ് ഈ സ്കൂബ ഡൈവേഴ്സ് നാടിനെ രക്ഷിച്ചത്.

അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിൽ ഡാമുകളുടെ ഷട്ടർ തുറക്കാനാകാതെ വന്നതോടെ സമീപത്തെ ഗ്രാമങ്ങളെല്ലാം വെള്ളത്തിലായിരുന്നു. കർണാടക പവർ പ്ലാന്റ് കോർപ്പറേഷന്റെ ഒരു കിലോ മീറ്ററോളം നീളമുള്ള ചെക്ക് ഡാമിൽ ഈ വെള്ളമെത്തി. ഹൈഡ്രോളിക് ഷട്ടറുകളില്ലാതിരുന്നതിനാൽ ഷട്ടർ ഉയർത്താനാകാതെ വന്നു.

ഇതേത്തുടർന്നാണ് അമൽജിത്ത് അടങ്ങുന്ന സംഘത്തോട് കർണാടക സർക്കാർ ഉദ്യോഗസ്ഥർ സഹായം തേടിയത്. വലിയ അളവിൽ വെള്ളം നിറഞ്ഞ് ഒഴുകിയിരുന്ന ഡാമിന്റെ അടിയിൽ നിന്ന് അമൽ ഉൾപ്പെടെയുള്ള ഏഴ് പേരടങ്ങിയ സംഘമാണ് ഷട്ടർ ഉയർത്തി വെള്ളം ഒഴുകിപ്പോകാൻ വഴിയൊരുക്കിയത്. ഷട്ടർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ പ്രാധാന്യത്തോടെയാണ് കർണാടകത്തിലെ മാദ്ധ്യമങ്ങൾ നൽകിയത്.

തോളൂർ നെടുംതുരുത്തി അശോകന്റെയും രമണിയുടെയും മകനായ അമൽജിത്ത് നാല് വർഷമായി കൊമേഴ്സ്യൽ സ്കൂബ ഡൈവിംഗ് രംഗത്ത് സജീവമാണ്. ഏറെ അപകടസാദ്ധ്യതയുള്ള സ്‌കൂബ ഡൈവിംഗിൽ അമൽജിത്തിന് പിന്തുണയായി സഹോദരൻ അഖിൽജിത്തുമുണ്ട്.