liquor

തൃശൂർ : ഓണത്തിന് ഒരുക്കം തുടങ്ങിയതോടെ ആഘോഷം ലഹരിയിൽ മുക്കാൻ സ്പിരിറ്റും ലഹരി വസ്തുക്കളും കടത്തുന്ന സംഘം സജീവം. ഇതിന്റെ സൂചനയാണ് ഇന്നലെ അരക്കോടി രൂപ വിലവരുന്ന മദ്യം മാഹിയിലേക്ക് കടത്തുന്നതിനിടെ പിടികൂടിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ചരക്ക് വാഹനങ്ങളിലുമായാണ് കള്ളക്കടത്ത്.

സംസ്ഥാനത്തിന്റെ പല ഭാഗത്തും പച്ചക്കറി വാഹനങ്ങളിലും പാഴ്‌സൽ വാനുകളിലും മറ്റും കഞ്ചാവും സ്പിരിറ്റും കേരളത്തിലേക്ക് കടത്തുന്നതും വ്യാപകമാണ്. കഴിഞ്ഞ കുറെ നാളായി മദ്യത്തേക്കാൾ കൂടുതലായി കടത്തി വന്നിരുന്നത് കഞ്ചാവും മയക്കു മരുന്നുമായിരുന്നു. കൊണ്ടുവരുന്ന മദ്യം തീരദേശ വാസികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണെന്ന് ഇന്നലെ പിടിക്കപ്പെട്ടവർ പറഞ്ഞു. ട്രോളിംഗ് കഴിഞ്ഞതോടെ മത്സ്യബന്ധനം സജീവമായി തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും മദ്യമെത്തിക്കുന്നത്. ഓണക്കാലത്ത് ഇത്തരം വിലകുറഞ്ഞ മദ്യത്തിന് വൻ ഡിമാൻഡാണെന്നും ഇവർ പറയുന്നു.

പരിശോധന ഒഴിവാക്കാൻ ചെപ്പടി വിദ്യ

അതിർത്തി ചെക്ക് പോസ്റ്റ് കടന്ന് മദ്യവുമായി കടന്നുവന്ന സംഘം പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിക്കാൻ ഉപയോഗിച്ചത് പാൽ എന്ന സ്റ്റിക്കർ. വണ്ടിയുടെ മുന്നിലും പിന്നിലെ ബോക്‌സിലും പാൽ എന്നെഴുത്തിയ സ്റ്റിക്കർ പതിപ്പിച്ചു. രാത്രികാലങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പാൽ വണ്ടികളാണ് പോകുന്നത്. പാൽ എന്നെഴുതിയാൽ പരിശോധന ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ഈ കുറുക്കു വിദ്യ പയറ്റിയത്. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ നിന്ന് ലക്ഷങ്ങൾ നൽകിയാണ് ഇത്രയേറെ മദ്യം സംഭരിച്ച് കേരളത്തിലേക്ക് കടത്തി കൊണ്ടുവരുന്നത്. ഇന്നലെ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ മദ്യത്തിൽ ഇരുപത് ലക്ഷത്തോളം രൂപ ഇവർക്ക് ലഭിക്കുമെന്നാണ് പറയുന്നത്. മാഹി അതിർത്തി കടക്കാൻ ചെക്ക് പോസ്റ്റുകളിൽ ലക്ഷങ്ങളാണ് ഇവർ ഒഴുക്കുന്നതെന്നും പറയുന്നു.


സ്‌പെഷ്യൽ ഡ്രൈവ്

കേരളത്തിൽ ഏറ്റവുമധികം മദ്യം വിറ്റഴിക്കുന്നത് ഓണാഘോഷ വേളയിലാണ്. ഇതിനായി ഇത്തരം സംഘങ്ങൾ മാസങ്ങൾക്ക് മുമ്പേ മദ്യം കൊണ്ടുവന്ന് ഒളിസങ്കേതങ്ങളിൽ വച്ച് ആ അവസരങ്ങളിൽ പുറത്തെടുത്ത് വിൽപ്പന നടത്തുകയാണ് പതിവ്. വില കുറഞ്ഞ മദ്യമാണ് ഇതിനായി കൊണ്ടുവരുന്നത്. വിദേശ മദ്യഷോപ്പുകളിലും മറ്റും ഓണക്കാലത്ത് റെക്കാഡ് മദ്യവിൽപ്പനയാണ് നടക്കാറുള്ളത്. ആഘോഷവേളകളിലും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാനുള്ള പ്രത്യേക എൻഫോഴ്‌സ്മെന്റ് നടപടിയാണ് സ്‌പെഷ്യൽ ഡ്രൈവ്. താഴെത്തട്ട് മുതൽ മുകളറ്റം വരെ മുഴുവൻ ഉദ്യോഗസ്ഥരും ദിവസം മുഴുവൻ പരിശോധനകളിൽ വ്യാപൃതരാകണമെന്നാണ് നിർദ്ദേശം.

നടപടി കടുപ്പിക്കാൻ വകുപ്പ്

മുഴുവൻ സമയ കൺട്രോൾ റൂം
അതിർത്തികളിൽ ബോർഡർ പട്രോളിംഗ്
ജില്ലാ തലങ്ങളിൽ പരിശോധനയ്ക്ക് ഡെപ്യൂട്ടി, അസി. കമ്മിഷണർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡുകൾ
ദേശീയ പാതയുൾപ്പെടെയുള്ള റോഡുകളിലും മുഴുവൻ സമയ വാഹന പരിശോധന
വനമേഖലകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ, കെട്ടിടങ്ങൾ, മദ്യശാലാ പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന
അനധികൃത ലഹരി വിൽപ്പനയ്‌ക്കെതിരായ റെയ്ഡുകൾ
സ്ഥിരം കുറ്റവാളി നിരീക്ഷണം.