
തൃശൂർ : ഭരതൻ സ്മൃതി വേദി ഏർപ്പെടുത്തിയ ഭരതൻ പുരസ്‌കാരം സംവിധായകൻ സിബി മലയിലിന് സമ്മാനിക്കും. ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും, ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകരായ മോഹൻ, ജയരാജ്, സ്മൃതിവേദി ചെയർമാൻ ഷോഗൺ രാജു, എം.പി.സുരേന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ നിശ്ചയിച്ചത്. 30ന് വൈകീട്ട് 5.30ന് സംഗീത നാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ നടത്തുന്ന പുരസ്‌കാര ദാനച്ചടങ്ങിൽ കലാമണ്ഡലം ഗോപിയാശാൻ കല്യാൺ ഭരത് മുദ്ര അണിയിക്കും. സംവിധായകൻ മോഹൻ അവാർഡ് ശിൽപം സമ്മാനിക്കും. ഔസേപ്പച്ചൻ പൊന്നാട അണിയിക്കും. സംവിധായകൻ ജയരാജ് അദ്ധ്യക്ഷത വഹിക്കും. ദേശീയസംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ നഞ്ചിയമ്മ, അപർണ്ണ ബാലമുരളി, ബിജു മേനോൻ, ബി.കെ.ഹരിനാരായണൻ, ഗോകുൽദാസ് എന്നിവരെ ആദരിക്കും. നടി ഉർവശി, എ.യു.രഘുരാമൻ പണിക്കർ, സിദ്ധാർത്ഥ് ഭരതൻ, പ്രിയനന്ദനൻ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, ലതാ മങ്കേഷ്‌കർ, ഭൂപീന്ദർ സിംഗ്, പൂവച്ചൽ ഖാദർ, രമേശൻ നായർ, ഭരതൻ എന്നിവർക്ക് സ്മൃതി പൂജയായി ഗാനങ്ങൾ സമർപ്പിക്കും.
എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്‌കാരം കെ. ജയകുമാറിന്
തൃശൂർ : എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്‌കാരം (33,333 രൂപ) മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഗാനരചയിതാവുമായ കെ.ജയകുമാറിന് സമ്മാനിക്കും. അതിജീവനത്തിലൂടെ എഴുത്തുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനുള്ള ടാലന്റ് ഒഫ് ദി ഇയർ പുരസ്‌കാരം (5001 രൂപ) മിനി ചെല്ലൂരിനും സമ്മാനിക്കും. മലയാള സാഹിത്യ പുരസ്‌കാരം (10,001 രൂപ വീതം) നേടിയവർ: നോവൽ: റോബിൻ വടക്കേതിൽ (ചെന്നായ്കുന്നിലെ അശരീരികൾ), ചെറുകഥ: ഗിരിജ വാരിയർ (5 കാക്കകൾ), കവിത: വി.എസ്.രഞ്ജിത് (നിരുപാധികം), വൈജ്ഞാനിക സാഹിത്യം: ഡോ.സുഭാഷിണി തങ്കച്ചി (ഗണിതകലയിലെ വിഷമഭിന്നങ്ങൾ), ആത്മകഥ: അസീം മൂർക്കോത്ത് (ഓത്തുപള്ളിയും പാഠശാലകളും), ബാലസാഹിത്യം: സിബി ജോൺ തൂവൽ (പ്ലാനെറ്റ്), നാടകം: അനിരുദ്ധൻ (മരിച്ചവരുടെ ചിരികൾ), സഞ്ചാരസാഹിത്യം: സൂസൻ ആൽഫ്രഡ് (നൈനിറ്റാളിലെ അത്താഴങ്ങൾ), ലേഖനം: വില്യം സി.ബനഡിക്ട് (യുദ്ധപ്രമാണങ്ങളും മാനവരാശിയും), ഹാസസാഹിത്യം: ഏണസ്റ്റ് എഴുപുന്ന (എട്ടുകാലിയും ഏണിപ്പടികളും), വിവർത്തനം: വിജില കുമാർ (ഉരഗമൊഴി). ആഗസ്റ്റ് 17ന് കോഴിക്കോട് ടൗൺഹാളിൽ പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കും. മലയാള സാഹിതി എൻഡോവ്മെന്റുകളും (5001 രൂപ) ചടങ്ങിൽ വിതരണം ചെയ്യും.