
ചാലക്കുടി: നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ എബി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. 36 അംഗ കൗൺസിലിൽ എബി ജോർജ്ജിന് 27 വോട്ട് ലഭിച്ചു. എതിർസ്ഥാനാർത്ഥി എൽ.ഡി.എഫിലെ സി.എസ്.സുരേഷിന് എട്ട് വോട്ട് കിട്ടി. ഏക ബി.ജെ.പി അംഗം വത്സൻ ചമ്പക്കര വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു.
മുൻ ചെയർമാൻ വി.ഒ.പൈലപ്പനാണ് എബിയുടെ പേര് നിർദ്ദേശിച്ചത്. ഷിബു വാലപ്പൻ പിന്താങ്ങി. സുരേഷിന്റെ പേര് ബിജി സദാനന്ദൻ നിർദ്ദേശിച്ചു. ഷൈജ സുനിൽ പിന്താങ്ങി. ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാർ തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരമായിരുന്നു ഒന്നര വർഷം ചെയർമാൻ സ്ഥാനം പൂർത്തിയാക്കിയ വി.ഒ.പൈലപ്പന്റെ രാജി. അടുത്ത രണ്ടര വർഷമാണ് കരാറിൽ എബി ജോർജ്ജിന് ചെയർമാൻ സ്ഥാനം അനുവദിച്ചത്. ടി.ജെ.സനീഷ്കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങി നിരവധി പേർ കൗൺസിൽ ഹാളിലെത്തി പുതിയ ചെയർമാനെ അനുമോദിച്ചു.
ജീവൻരക്ഷാ പരിശീലന പരിപാടി
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് തൃശൂരും സംയുക്തമായി തൃശൂർ പ്രസ്ക്ലബ് അംഗങ്ങൾക്കായി അടിയന്തര ജീവൻരക്ഷാ പരിശീലന പരിപാടി (സി.പി.ആർ) നടത്തി. ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഡോ.പി.സി.രാജീവ് ക്ലാസെടുത്തു. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഗോപികുമാർ, ജില്ലാ ചെയർമാൻ ഡോ.ബൈജു, കൺവീനർ ഡോ.പവൻ മധുസൂദനൻ എന്നിവർ നേതൃത്വം നൽകി. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു നന്ദി പറഞ്ഞു. സി.പി.ആർ പരിശീലന വാരത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ പരിപാടികൾ നടന്നുവരികയാണെന്ന് കൺവീനർ പറഞ്ഞു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഐ.എം.എ സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം
തൃശൂർ : മലങ്കര ഓർത്തഡോക്സ് സഭയിലെ 7 മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 28ന് നടക്കും. രാവിലെ 6.45ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ ശുശ്രൂഷ ആരംഭിക്കും. രണ്ടിന് നടക്കുന്ന അനുമോദന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി, എ.സി.മൊയ്തീൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. തുടർന്ന് സ്വീകരണ ഘോഷയാത്രയും നടക്കും. നാളെ വൈകിട്ട് പള്ളിയിൽ സുന്നഹദോസ് ചേരും. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി മൂന്നാം തവണയാണ് മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് വേദിയാകുന്നതെന്ന് ഡോ.ഗീവർഗീസ് മാർ യൂലിയോസ്, വികാരി ഫാ.സക്കറിയ കൊള്ളന്നൂർ, സഹ.വികാരി ഫാ.തോമസ് ചാണ്ടി എന്നിവർ പറഞ്ഞു