തിരുവില്വാമല: ഭാരതഖണ്ഡത്തിലെ പാമ്പാടി ഐവർമഠത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 28 നാണ് ബലിതർപ്പണം നടക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിനിടെ ജീവൻ പൊലിഞ്ഞ പിതൃക്കൾക്ക് മോക്ഷം ലഭിക്കാൻ പഞ്ചപാണ്ഡവർ പലയിടത്ത് ബലിതർപ്പണം നടത്തിയെങ്കിലും മോക്ഷ പ്രാപ്തി ലഭിക്കായ്കയാൽ ഒടുവിൽ ഭാരതഖണ്ഡത്തിലെത്തി തർപ്പണം നടത്തിയപ്പോഴാണ് മോക്ഷ പ്രാപ്തി ലഭിച്ചതെന്നാണ് ഐതിഹ്യം. സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് കർക്കടക വാവിൽ ബലിതർപ്പണത്തിനായി ഇവിടെ എത്താറുള്ളത്. തർപ്പണത്തിനെത്തുന്നവർക്ക് ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം, കോരപ്പത്ത്, ബ്രാഹ്മണസഭ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം സൗകര്യങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 4 മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാൻ പൊലീസ്, ഫയർ ഫോഴ്‌സ് സേനാംഗങ്ങളുടെ ഇടപെടലും ഉണ്ടാകും.