പാവറട്ടി: പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിലെ മൂന്ന് ഏക്കറിൽ കൂടുതൽ വിസ്തീർണമുള്ള കരിങ്കൽ ക്വാറി സർക്കാർ ഏറ്റെടുത്ത് ശുദ്ധജല സംഭരണിയാക്കണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുമ്പ് പാറ ഖനനുമായി ബന്ധപ്പെട്ട അപകടത്തെത്തുടർന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്വാറിയിലെ പാറ പൊട്ടിക്കൽ നിറുത്തിയത്. 30 വർഷം മുമ്പ് ഉടമകൾ ഉപേക്ഷിച്ച മൂന്ന് ഏക്കറിൽ കൂടുതൽ ഉള്ള കരിങ്കൽ ക്വാറി കുളവാഴയും ചണ്ടിയും നിറഞ്ഞ് ഏറെ പാരസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമാവുന്നു. വെള്ളം കെട്ടി നിൽക്കുന്നതുമൂലം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. സർക്കാർ വക ക്വാറിയുടെ ഭൂരിഭാഗവും പരിസരവാസികൾക്ക് വർഷങ്ങൾക്ക് മുമ്പ് കളക്ടറുടെ ഉത്തരവ് പ്രകാരം പതിച്ച് നൽകി പട്ടയം നൽകിയിരുന്നു. ക്വാറിയുടെ സമീപത്ത് മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. കാലാകാലങ്ങളിൽ പഞ്ചായത്ത് അധികം വരുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കുകയാണ് ചെയ്യുന്നത്. ക്വാറിയുടെ കിഴക്ക് ഭാഗത്ത് ജനവാസമുള്ള സ്ഥലത്ത് ഒരു സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ വീടുകളിലേക്ക് മഴക്കാലത്ത് വെള്ളം കയറുന്നതിന് പരിഹാരമാകും. മൂന്ന് ഏക്കർ കരിങ്കൽ ക്വാറിയിലെ ചണ്ടിയും മറ്റ് അനാവശ്യ വസ്തുക്കളും നീക്കം ചെയ്താൽ മുല്ലശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസാവും ഇത് എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. കുടിവെള്ളത്തിനും കുന്നിൻപ്രദേശമായ ഇവിടെ കര ജലസേചനത്തിനും ഉപയോഗിക്കാൻ കഴിയും. ക്വാറിയുടെ പടിഞ്ഞാറ് ഭാഗത്ത് പെരുവല്ലൂർ-എളവള്ളി റോഡിനോട് ചേർന്നുള്ള ഭാഗം സർക്കാരിന് ആവശ്യമായ കെട്ടിട നിർമ്മാണത്തിനും അനുയോജ്യമാണ്. വർഷങ്ങളായി മാലിന്യ കേന്ദ്രമായ പെരുവല്ലൂർ കരിങ്കൽ ക്വാറി സർക്കാർ ഏറ്റെടുത്ത് ശുദ്ധജല സ്രോതസ്സായി മാറ്റണമെന്നാണ് സമീപവാസികളും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നത്.