bullet

ഗുരുവായൂർ: വാഹനാപകടത്തെത്തുടർന്ന് ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെത്തിച്ച നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനം ഇടിച്ച് ശരീരം തളർന്ന തെരുവ് നായയുടെയും പാലക്കാട് നിന്ന് കണ്ടെത്തിയ മറ്റൊരു നായയുടെയും കാലിലും വയറിലുമാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തെരുവ് നായയെ ഗുരുവായൂരിൽ വാഹനം ഇടിച്ചത്. റോഡിൽ നിന്ന് ഇഴഞ്ഞ് പെരുന്തട്ട ക്ഷേത്രനടപ്പുരയിലെത്തിയ നായയെ മൃഗസ്‌നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുക്കുകയായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും വെടിയുണ്ട പുറത്തെടുത്തില്ല.

ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകൾ നീക്കം ചെയ്താലും ജീവൻ രക്ഷിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് നിഗമനം. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് മണ്ണുത്തിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വെടിയേറ്റത് എവിടെ നിന്നാണെന്നോ ആരാണ് വെടിവെച്ചതെന്നോ വ്യക്തമല്ല. നായ്ക്കളുടെ ഉപദ്രവം കാരണം ആരെങ്കിലും വെടിവെച്ചതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചികിത്സ നടത്തിയ ശേഷം നായ്ക്കളെ പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു. ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയ നായ ഇന്നലെ ചത്തു. പാലക്കാട് നിന്ന് കണ്ടെത്തിയ നായയെ പാലക്കാട് സനാതന അനിമൽ ആശ്രമം എന്ന പേരിൽ പ്രദീപ് നടത്തുന്ന സംരക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചു. മൃഗങ്ങളോടുളള ക്രൂരത തടയുന്നതിനുളള വകുപ്പുകൾ പ്രകാരമാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്.