പുതുക്കാട്: ജില്ലയിലെ വനമേഖലയോട് അടുത്ത ജനവാസമേഖലയിൽ നടക്കുന്ന കാട്ടാന ആക്രമണത്തെ നേരിടാൻ ഫലപ്രദമായ മാർഗങ്ങൾ സർക്കാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ കാര്യത്തിൽ വനവകുപ്പിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അത് തിങ്കളാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
പാലപ്പിള്ളി മേഖലയിൽ എലിഫന്റ് ട്രെഞ്ച് നിർമ്മിച്ച് കാട്ടാനകളെ പ്രതിരോധിക്കുക, കാടിനകത്ത് വെള്ളം ഉൾപ്പടെയുള്ള സൗകര്യമൊരുക്കുക, മൃഗങ്ങളുടെ നഷ്ടപ്പെട്ട ആവാസ വ്യവസ്ഥ സംരക്ഷിക്കുക, കാട്ടാന ആക്രമണം തടയുന്നതിന് സർക്കാർ എന്തെങ്കിലും മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ കാണിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി, ചീഫ് കൺസെർവേറ്റർ ഓഫ് ഫോറസ്‌റ്, തൃശ്ശൂർ, ചാലക്കുടി ഡി.എഫ്.ഒമാർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ കളക്ടർ എന്നിവരാണ് എതിർകക്ഷികൾ.