കൊടുങ്ങല്ലൂർ: ക്ഷേത്രക്കടവുകളിൽ ബലിതർപ്പണത്തിന് ഒരുക്കം പൂർത്തിയായി. നാളെ പുലർച്ചെ മുതൽ വിവിധ ക്ഷേത്രക്കടവുകളിൽ ബലിതർപ്പണം നടക്കും. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിവിധ ക്ഷേത്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.
ശൃംഗപുരം എൽതുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭ വക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി. ജലസമൃദ്ധമായ കനോലി കനാലിനോട് ചേർന്നുള്ളതാണ് ക്ഷേത്ര ബലിക്കടവ്. പുലർച്ചെ 5.30 മുതൽ പിതൃതർപ്പണം ആരംഭിക്കും. പ്രദേശത്തെ സൗഹൃദം റസിഡൻസ് അസോസിയേഷൻ ഭക്തർക്കായി ചായയും ലഘു കടിയും ഒരുക്കും. കെ.കെ.അനിരുദ്ധൻ ശാന്തി, ടി.കെ.ആനന്ദൻ ശാന്തി, ആർ.ജി.കുമരേശൻ ശാന്തി, ടി.എം.മഹേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. കോതപറമ്പ് ആല ശ്രീനാരായണ ധർമ്മ പ്രകാശിനിയോഗം വക ദേശീകാലയ ക്ഷേത്രത്തിൽ വാവുബലി പുലർച്ചെ നാല് മുതൽ ആരംഭിക്കും. വൈദിക സംഘം സഹ ആചാര്യൻ സി.ബി.പ്രകാശൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. കൊടുങ്ങല്ലൂർ നെടിയതളി ശിവക്ഷേത്രത്തിൽ വാവ് ബലിതർപ്പണം പുലർച്ചെ നാലര മുതൽ ആരംഭിക്കും. ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ബാബു ശാന്തി മുഖ്യകാർമ്മികനായിരിക്കും.