പുതുക്കാട്: അളഗപ്പ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് രണ്ട് ഘട്ടങ്ങളിലായി 143 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കുവാൻ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ 43 ലക്ഷം രൂപയുടെയും രണ്ടാംഘട്ടത്തിൽ 2023-24 ൽ 100 ലക്ഷം രൂപയുടെ പ്രാരംഭ അനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി 143 ലക്ഷം രൂപയുടെ പദ്ധതികളാണ് നൽകിയിട്ടുള്ളത്. 2022-23 വർഷത്തിൽ നടപ്പാക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, പുതിയ ലാബ് കെട്ടിടം, വിഷൻ സെന്റർ എന്നിവ ഇതിൽപ്പെടും. ഇതിനായി നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു. ഹെൽത്ത് സെന്ററിന്റെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ശേഖരൻ, പി.എസ്. പ്രീജു, ഷൈലജ നാരായണൻ, സജ്‌നാ ഷിബു, ജിഷ്മ രഞ്ജിത്ത്, മെഡിക്കൽ ഓഫീസർ ഡോ. എസ്. ഉമേഷ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ പി.കെ. വിനോദ്, സോജൻ ജോസഫ് എന്നിവർ പങ്കെടുത്തു.