അരിമ്പൂർ: ഒഴിഞ്ഞ മദ്യകുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയതിനാൽ അരിമ്പൂർ വാരിയം കോൾപ്പടവിൽ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിൽ. പുള്ള് പാലത്തോട് ചേർന്ന് കിഴക്കോട്ടും വടക്കോട്ടുമുള്ള റോഡരികിലെ കോൾപ്പാടത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. കുറെയേറെ വർഷങ്ങളായി പത്ത് മീറ്ററോളം വീതിയിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ മദ്യക്കുപ്പിയുടെ ചില്ലുകൾ ഇവിടെ നിറഞ്ഞുകിടക്കുകയാണ്. ഇതുമൂലം കൃഷിയിറക്കാനാകാത്ത അവസ്ഥയാണെന്ന് പടവ് കമ്മിറ്റി അംഗവും കർഷകനുമായ കെ.കെ. അശോകൻ പറയുന്നു.
കഴിഞ്ഞവർഷം ടില്ലർ അടിക്കുന്നതിനിടെ പൊട്ടിയ മദ്യകുപ്പി കാലിൽ കയറി വയനാട് സ്വദേശിയും ടില്ലർ തൊഴിലാളിയുമായ ശശി ബോധരഹിതനായി വീണിരുന്നു. അഞ്ച് ദിവസം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുറിവുണങ്ങിയെങ്കിലും ടില്ലർ അടിക്കുന്ന തൊഴിലിൽ നിന്നും ഇയാൾക്ക് മാറി നിൽക്കേണ്ടിവന്നു.
ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നതിനാൽ തൊഴിലെടുക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ടെന്നും പാടശേഖര സമിതി പറയുന്നു. ആഗസ്റ്റിൽ വിളയിറക്കുന്നതിനുള്ള ജോലികൾ ആരംഭിക്കാനിരിക്കെ കർഷകർ ആശങ്കയിലാണ്. കൊയ്തെടുക്കുന്ന നെല്ലും വൈക്കോലും കർഷകർ കയറ്റിവച്ചിരുന്ന സ്ഥലത്ത് സ്ഥിരം തട്ടുകടകൾ വന്നതും കർഷകർക്ക് വിനയാകുന്നുണ്ട്.

പ്രദേശത്ത് ഇക്കോ ടൂറിസം നടപ്പാക്കിയാൽ മാലിന്യ പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാകും. ഇതിനാവശ്യമായ നടപടികൾ പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും കൈക്കൊള്ളണം.
-കെ. രാഗേഷ്, (കർഷക സംഘം അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗം).