മാള: കുഴൂരിൽ വിഷം കഴിച്ച് റോഡിൽ കിടന്ന മദ്ധ്യവയസ്കനെ പഞ്ചായത്ത് മെമ്പറും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

കുടുംബവഴക്കിനെ തുടർന്ന് വിഷം കഴിച്ച് റോഡിൽ കിടന്ന കാച്ചപ്പിള്ളി ദേവസിയെ കുഴൂർ പഞ്ചായത്ത് മെമ്പർ ബിനോയിയും മാള പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. വിഷം കഴിച്ച് ദേവസി റോഡിൽ വീണു കിടക്കുന്നതു കണ്ടിട്ടും ബന്ധുക്കളും നാട്ടുകാരും പ്രതികരിച്ചില്ല. തുടർന്ന് പഞ്ചായത്ത് മെമ്പർ ബിനോയ് സ്ഥലത്തെത്തുകയും മാള പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ദേവസിയെ കുഴൂർ പഞ്ചായത്ത് ആംബുലൻസിൽ മാള ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.