മാള: കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി ബസ് കണ്ടക്ടർ. മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ചവറ സ്വദേശിയായ കണ്ടക്ടർ അൽത്താഫ് മൻസിൽ നിസാർ ആണ് ബസിൽ നിന്നും കളഞ്ഞു കിട്ടിയ മാല ഉടമയ്ക്ക് തിരികെ നൽകിയത്. മാള - കൊടുങ്ങല്ലൂർ റൂട്ടിലെ കണ്ടക്ടറായ നിസാർ കൊടുങ്ങല്ലൂരിലേക്കുള്ള ട്രിപ്പിന് ശേഷം തിരികെ മാളയിലേക്ക് വന്നപ്പോഴാണ് വീണുകിടക്കുന്ന ഒരു പവനോളം വരുന്ന മാല ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മാള ഡിപ്പോയിലേക്കും കൊടുങ്ങല്ലൂർ ഡിപ്പോയിലേക്കും വിവരം അറിയിച്ചു. അതേ സമയം മാല നഷ്ടപ്പെട്ട വെള്ളാഞ്ചിറ സ്വദേശിയായ രസ്ന സുലിയ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിസാറിന്റെ കൈവശം മാല ഉണ്ടെന്ന് അറിയുകയും മാള ഡിപ്പോയിലെത്തി മാല കൈപ്പറ്റുകയും ചെയ്തു.