ചാലക്കുടി: കനാൽ പുറമ്പോക്കിൽ താമസിക്കുന്ന വയോധികയുടെ വീട്ടിലേക്കുള്ള നടവഴി വളച്ചുകെട്ടി ഷെഡ് നിർമ്മിച്ചതായി പരാതി. സൗത്ത് ജംഗ്ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ജൗളി വ്യാപാര സ്ഥാപന ഉടമകളാണ് കനാൽ പുറമ്പോക്കിലെ മംഗലൻ ത്രേസ്യക്കുട്ടിയുടെ വീട്ടിലേക്കുള്ള നടവഴി അടച്ചത്.
വിധവയായ ഇവർ കനാൽ പുറമ്പോക്കിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീട്ടിൽ നിന്നും സർവീസ് റോഡിലേക്ക് നാല് പതിറ്റാണ്ടായുള്ള വഴിയാണ് ഉപയോഗിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ സർക്കാർ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് വഴിയടച്ച് ഷെഡ് നിർമ്മിച്ചതായി കണ്ടത്. രോഗിയായ ഇവർ ഏറെ ദൂരെയുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്ന് മെയിൻ റോഡിലെത്തുകയായിരുന്നു. അനുമതിയില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഷെഡ് വളച്ചു കെട്ടിയതത്രെ.
വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, സി.പി.എം പ്രവർത്തകരായ ബാബു നങ്ങിണി, ഡി. ആന്റോ, പി.ഡി. പൗലോസ് എന്നിവർ പ്രതിഷേധവുമായെത്തി. ഇവർ അറിയിച്ചതിനെത്തുടർന്ന് നഗരസഭ ചെയർമാൻ എബി ജോർജ്ജും സ്ഥലത്തെത്തി. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി സഞ്ചാരസ്വാതന്ത്ര്യം ഉടൻ ഒരുക്കണമെന്ന് ചെയർമാൻ സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി.