ചാലക്കുടി: ദേശീയപാത പോട്ട മേൽപ്പാലത്തിലെ അപകടക്കെണിയിൽപ്പെട്ട് ഭാഗ്യം കൊണ്ടു മാത്രം ഇരുചക്ര വാഹന യാത്രക്കാരൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ച് അധികൃതർ തലയൂരി. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴഞ്ചൊല്ലാണ് പ്രാവർത്തികമായത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യം പ്രചരിച്ചതോടെയാണ് പോട്ട മേൽപ്പാലത്തിലെ ടാറിംഗിന്റെ അപാകത രായ്ക്കുരാമാനം പരിഹരിക്കപ്പെട്ടത്. എന്തായാലും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ രാത്രി തന്നെ അധികൃതർ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ പുതുതായി ഇത്തരം ടാറിംഗ് നടത്തിയ പലയിടത്തും ഈവിധം അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

അപകടക്കെണിയും വീഡിയോയും

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവപരമ്പരയ്ക്ക് തുടക്കം. ദേശീയ പാതയിലെ കുഴികൾ അടയ്ക്കുന്ന ജോലികൾ നടന്നുവരികയാണ്. വേണ്ടത്ര ശ്രദ്ധയില്ലാതെ നടന്ന അറ്റകുറ്റപ്പണിയിലാണ് പോട്ട മേൽപ്പാലത്തിന് മുകളിൽ വാഹന യാത്രക്കാരെ അപടത്തിലാക്കുന്ന ടാറിംഗ് നടന്നത്.

നിലംപതി പോലെ കിടന്ന ഈ ഭാഗത്ത് ബൈക്കുകളും മറ്റും തെന്നിമാറി. ഇതുവഴി കടന്നുപോയ യുവാവിന്റെ സ്‌കൂട്ടർ പലതവണ തെന്നി നിയന്ത്രണം വിട്ടെങ്കിലും വീഴാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇതിന് മുൻപ് ഇവിടെ അപകടത്തിൽപ്പെട്ട മറ്റാരോ പകർത്തിയതായിരുന്നു ദൃശ്യം.