ഇരിങ്ങാലക്കുട നഗരസഭ വാഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
ഇരിങ്ങാലക്കുട: നഗരസഭയുടെ 2022- 2023 വർഷത്തെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 25.20 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
പാർപ്പിട മേഖലയ്ക്ക് 1.40 കോടിയും, ഉത്പാദന മേഖലക്ക് 28 ലക്ഷവും, പട്ടികജാതി വികസനത്തിനായി മൂന്നു കോടിയും, പശ്ചാത്തല മേഖലയ്ക്ക് 6.20 കോടിയും വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ 2021- 2022 വർഷത്തെ വാർഷിക ധനകാര്യ പത്രികയ്ക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ നഗരസഭ ഭരണനേതൃത്വം പരാജയമായിരുന്നുവെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയ.
നഗരസഭക്ക് വരുമാനം ലഭ്യമാക്കുന്ന അറവുശാല പ്രവർത്തനക്ഷമമാക്കുന്നതിനോ, ആധുനിക ഫിഷ് മാർക്കറ്റ് ഉപയോഗപ്പെടുത്തുന്നതിനോ, ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനോ നടപടിയെടുക്കുന്നില്ലന്നും കെ.ആർ. വിജയ പറഞ്ഞു.
നഗരസഭയുടെ ചെലവുകൾ കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ചൂണ്ടിക്കാട്ടി. കസ്തൂർബാ ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കമുള്ള നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ സെക്യുരിറ്റി ഡെപ്പോസിറ്റ് കുറക്കാൻ കഴിയണമെന്നും, എങ്കിൽ മാത്രമേ മത്സരാടിസ്ഥാനത്തിൽ ലേല നടപടികൾ മുന്നോട്ടു പോകുകയുള്ളുവെന്നും നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി പറഞ്ഞു.
നഗരസഭയുടെ ആസ്തികൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അറ്റകുറ്റപണി പൂർത്തീകരിച്ച് ടൗൺ ഹാൾ തുറന്നുനൽകിയത്. ചാത്തൻ മാസ്റ്റർ സ്മാരക ഹാൾ എത്രയും വേഗം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. അറവുശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണന്നും സോണിയ ഗിരി പറഞ്ഞു.