സ്ഥല ഉടമകൾ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു
കാഞ്ഞാണി: പത്തുവർഷം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി. മണലൂർ പഞ്ചായത്ത് പാലാഴിയിൽ ഇലവൻ കെ.വി ലൈൻ വലിക്കുന്നതിന് മുറിച്ചുമാറ്റിയ തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതിലാണ്
സ്ഥല ഉടമകൾ പരാതിയുമായി രംഗത്ത് വന്നത്. നഷ്ടപരിഹാരം നൽകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പത്തുവർഷമായിട്ടും ഒരനക്കവും ഉണ്ടായിട്ടില്ല. അമ്പതോളം ഉടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2012ലാണ് പാലാഴി കല്ലുപാലം വരെ ഇലവൻ കെ.വി ലൈൻ വലിക്കുന്നതിന് തെങ്ങ് ഉൾപ്പെടെയുള്ള വൃഷങ്ങൾ മുറിച്ചുമാറ്റിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമ്പോൾ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നതെന്ന് ഉടമകൾ പറയുന്നു. ലൈൻ വലിച്ച് നാല് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിനായി ഉടമകൾ ഇപ്പോഴും കെ.എസ്.ഇ.ബി ഓഫീസ് കയറിയിറങ്ങുകയാണ്.
നഷ്ടപരിഹാരം ലഭിക്കുന്നതിന് തൃശൂരിലെ കെ.എസ്.ഇ.ബി ഹെഡ്ഓഫീസ് അധികൃതരെ സമീപിച്ചപ്പോൾ ഫയൽ കാണാനില്ലെന്നാണ് പറഞ്ഞത്. നഷ്ടപരിഹാരം ലഭിക്കാനുള്ളവർ സംയുക്തമായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.
കിഷോർ പൊറ്റേക്കാട്ട് പാലാഴി
(സ്ഥല ഉടമ)
പ്രശ്നം പരിശോധിച്ച് നഷ്ടപരിഹാരം കിട്ടുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ശ്രമിക്കും.
എം.ആർ. സാവിത്രി
(കെ.എസ്.ഇ.ബി അസി. എൻജിനിയർ കണ്ടശ്ശാംകടവ് സബ്ബ് ഡിവിഷൻ)