policeകൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ സ്‌കൂളിന് മുമ്പിൽ കുട്ടി പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നു.

കൊടുങ്ങല്ലൂർ: വാഹന തിരക്ക് നിയന്ത്രിക്കാൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രംഗത്ത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് സ്കൂളിന്റെ മുമ്പിലെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്.

ദേശീയ പാത 66 കടന്നുപോകുന്ന തിരക്കേറിയ സ്‌കൂളിന് മുമ്പിൽ രാവിലെയും വൈകിട്ടും റോഡ് മുറിച്ച് കടക്കാൻ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുട്ടികൾക്ക് ഭീഷണിയാണ്. നേരത്തെ സ്‌കൂൾ ആരംഭിക്കുന്നതിനു മുമ്പും സ്‌കൂൾ വിടുമ്പോഴും ഈ ഭാഗത്ത് പൊലീസ് ഹോംഗാർഡിന്റെ സേവനം നൽകിയിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇവരുടെ സേവനം ചുരുങ്ങി. ഇതേതുടർന്ന് പലപ്പോഴും പി.ടി.എയും അദ്ധ്യാപകരുമാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂളിലെ കുട്ടിപൊലീസ് സേവന നിരതരായി ഈ ദൗത്യം ഏറ്റെടുത്തത്. നാലു പേരടങ്ങുന്ന കേഡറ്റുകളുടെ ടീമാണ് പ്രവർത്തനം നടപ്പിലാക്കുന്നത്. അദ്ധ്യാപകരായ വിമൽ വർഗീസ്, എം.എം. ശരത്, എം. സീന, ഒ.എഫ്. ഫിലിപ്പ് എന്നിവരും കുട്ടി പൊലീസിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.