തൃശൂർ: സമയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ തൃശൂർ ശക്തൻസ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ല് പട്ടാപകൽ തല്ലിത്തകർത്തു. തൃശൂർ - കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കമുണ്ടായത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. തൃശൂർ കോഴിക്കോട് റൂട്ടിലോടുന്ന ശാസ്ത എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുൻവശത്തെ ചില്ലാണ് അടിച്ച് തകർത്തത്.
ഇതേ റൂട്ടിലോടുന്ന ത്രയംബക് എന്ന ബസിലെ കണ്ടക്ടറാണ് അക്രമം നടത്തിയതെന്ന് ശാസ്താ ബസ് ജീവനക്കാർ മൊഴി നൽകി. വീൽ സ്പാനറുമായെത്തി ചില്ലിൽ ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവീസ് നടത്തുന്ന ഇരുബസുകളുടെയും ജീവനക്കാർ തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. കോട്ടയ്ക്കൽ സ്റ്റേഷനിൽ ത്രയംബക് ബസ് ജീവനക്കാർക്കെതിരെ ശാസ്ത ബസ് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. ഈ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടവും സമയത്തെ ചൊല്ലിയുള്ള തർക്കവും പതിവാണ്. മത്സരയോട്ടത്തെ തുടർന്ന് നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.