മാളക്കടവ് സംരക്ഷണ പദ്ധതിക്ക് ഭീഷണിയെന്ന് ആശങ്ക
മാള: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് പഞ്ചായത്തിലെ മാളക്കടവിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനുള്ള കെട്ടിട നിർമ്മാണം
നടക്കുന്നതായി പരാതി. കഴിഞ്ഞ മാർച്ചിലാണ് തീരത്തുനിന്നുള്ള 50 മീറ്റർ നിർമ്മാണ നിരോധന മേഖലയിൽ പുതിയ അടിത്തറ സ്ഥാപിച്ച് കെട്ടിടം ആരംഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി അന്വേഷണം ആരംഭിച്ചു.
പഞ്ചായത്ത് മാർക്കറ്റിലെ ആറ് മുറികളിലാണ് പ്ലാസ്റ്റിക് സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ ശൗചാലയം അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും 11.8 ലക്ഷം വകയിരുത്തി പുതിയ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. നിയമം ലംഘിച്ചിട്ടില്ലെന്നും അവിടെയുണ്ടായിരുന്ന ഇൻസിനിറേറ്ററും റാമ്പും പൊളിച്ച അതേ സ്ഥലത്താണ് നിർമ്മാണം നടന്നതെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നിലവിലുള്ള കെട്ടിടം വലിപ്പം കൂട്ടാതെ അറ്റകുറ്റപ്പണി നടത്തണമെന്ന് കോസ്റ്റൽ സോൺ അധികൃതൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിലുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയോ പുനർനിർമ്മാണമോ അല്ല നടന്നിരിക്കുന്നതെന്നാണ് പറയുന്നത്. നിരോധന മേഖലയിലുള്ള നിർമ്മാണത്തിന് മുൻകൂർ അനുമതി വേണമെന്നിരിക്കെ പഞ്ചായത്ത് അധികൃതർ ആദ്യം പ്രവൃത്തി ആരംഭിക്കുകയും പിന്നീട് പരാതിയെ തുടർന്ന് നിറുത്തിവയ്ക്കുകയും ചെയ്തു.
ശൗചാലയം ഇല്ലെന്ന വാദം അടിസ്ഥാനരഹിതം
കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശൗചാലയം ഇല്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരൻ പറയുന്നു. ഇപ്പോഴും പ്ലാസ്റ്റിക് സൂക്ഷിച്ചിരിക്കുന്ന പച്ചക്കറി മാർക്കറ്റിനോട് ചേർന്ന് സർക്കാർ നിർമ്മിച്ച ആറ് ശൗചാലയങ്ങൾ ഉപയോഗിക്കാതെ പൂട്ടിയിരിക്കുകയണ്. അതിന് സമീപത്ത് നാല് ശാചാലയങ്ങൾ വേറെയുമുണ്ട്. ഈ ശൗചാലയങ്ങൾ തുറന്നുകൊടുക്കാൻ പഞ്ചായത്ത് ഇതുവരെ തയ്യാറായിട്ടില്ല.
മുങ്ങിപ്പോകുമോ മാളക്കടവ് സംരക്ഷണ പദ്ധതി..?
മാളക്കടവ് സംരക്ഷണത്തിനും സൗന്ദര്യവത്കരണത്തിനുമായി മുസ്‌രിസ് പദ്ധതിക്ക് അനുമതി നൽകിയ സ്ഥലത്താണ് പുതിയ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിർമ്മിക്കുന്നത്. ഒന്നര ഏക്കറിലധികം സ്ഥലത്ത് ബോട്ട് ജെട്ടി, നടപ്പാത സൗന്ദര്യവത്കരണം എന്നിവ നടപ്പാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുസ്‌രിസ് മാനേജിംഗ് ഡയറക്ടർക്ക് നേരത്തെ അനുമതി പത്രം കൈമാറിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. സി.ആർ.സെഡിൽ പെട്ടതിന്റെ പേരിൽ മാളക്കടവിലെ സ്റ്റേജ് നിർമ്മാണവും സൗന്ദര്യവത്കരണ പദ്ധതിയും ഉപേക്ഷിക്കേണ്ടി വന്നത് 2019 ലാണ്. നിർദ്ദിഷ്ട സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യ കേന്ദ്രം സ്ഥാപിക്കുന്നത് മാളയുടെ സ്വപ്ന പദ്ധതിയ്ക്ക് വിലങ്ങുതടിയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.