aparna

തൃശൂർ: മികച്ച നടിക്കുള്ള ദേശീയപുരസ്കാര ലബ്ധിയിൽ അഭിനന്ദന പ്രവാഹമൊഴുകുമ്പോഴും നടി അപർണ ബാലമുരളി 'ഇന്നലെകളെ' മറന്നില്ല. പൂങ്കുന്നത്തെ ഡബിംഗ് സ്റ്റുഡിയോയിൽ തന്നെ കാണാനെത്തിയ സംവിധായകൻ അരവിന്ദൻ നെല്ലുവായിയെ കണ്ടപ്പോൾ അപർണ പഴയ എട്ടാം ക്ളാസുകാരിയായി. കണ്ണുകളിൽ ആഹ്ളാദം നിറഞ്ഞു. 2011ൽ ലോഹിതദാസിന്റെ പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവായിരുന്ന അരവിന്ദൻ സംവിധാനം ചെയ്ത 'ഇന്നലെയെ തേടി' എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് അപർണ ആദ്യമായി സിനിമയിലെത്തുന്നത്.

2009ലായിരുന്നു ചിത്രീകരണം തുടങ്ങിയത്. അന്ന് കലാമണ്ഡലം ഹുസ്‌നാഭാനുവിന്റെ കീഴിൽ അരവിന്ദന്റെ മകളോടൊപ്പം അപർണ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. മകൾ പറഞ്ഞാണ് അപർണയെ സെലക്ഷൻ ക്യാമ്പിലേക്ക് വിളിക്കുന്നത്. അപർണയുടെ അമ്മയെ നേരത്തെ അരവിന്ദന് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അപർണ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്.