തൃശൂർ: '' മക്കൾക്ക് മാസം 10,000 രൂപ വേണം ചികിത്സാച്ചെലവിന്. ഭർത്താവിനാണെങ്കിൽ വൃക്കരോഗവും. ആകെയുള്ളത് എട്ടുസെന്റ് സ്ഥലവും വീടും മാത്രം. 12 ലക്ഷം രൂപ നിക്ഷേപിച്ച ഞങ്ങൾ എത്ര യാചിച്ചിട്ടും 10,000 രൂപ കിട്ടാൻ നട്ടം തിരിഞ്ഞതിന് കണക്കില്ല... '' കരുവന്നൂർ സഹകരണ ബാങ്കിന്റെ നിക്ഷേപത്തട്ടിപ്പിന് ഇരയായ മാപ്രാണം തെങ്ങോലപ്പറമ്പിൽ ജോസഫിന്റെ ഭാര്യ റാണി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.
'' 28 വയസുള്ള ഇരട്ടകളായ രണ്ട് ആൺമക്കളുണ്ട്. ജന്മനാ സെറിബ്രൽ പാൾസി അസുഖമുള്ള മക്കൾ. ഇവരുടെ തുടർ ചികിത്സയ്ക്കായാണ് പണം കരുവന്നൂർ ബാങ്കിൽ 10 വർഷം മുൻപ് നിക്ഷേപിച്ചത്. കുറേ ചോദിച്ചപ്പോൾ 10,000 രൂപ തന്നു, കഴിഞ്ഞ ജനുവരിയിൽ. പിന്നെ വീണ്ടും പതിനായിരം. ആകെ കിട്ടിയത് 20,000 മാത്രം. ഇനി ഞങ്ങൾ ആരോട് വേദന പറയും?
''നിക്ഷേപിച്ച പണം തിരികെ കിട്ടാനായി ഒരുപാട് യാചിച്ചു. മിക്ക ദിവസങ്ങളിലും ബാങ്കിൽ പോകും. എല്ലാം ശരിയാക്കാം എന്ന മറുപടി കേട്ട് മടുത്തു. രണ്ടു മക്കളുടെയും ചികിത്സയും മരുന്നും വൈകുകയാണ്'' - ഇടറിയ ശബ്ദത്തിൽ ജോസഫ് പറഞ്ഞു.
സഹകരണബാങ്കുകളുടെ ചരിത്രത്തിലെ ഈ വൻ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനായിരത്തോളം പേരുടെ നിക്ഷേപമാണ് ഇടത് ഭരണസമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് കവർന്നത്. പണം തിരികെ നൽകാൻ നടപടി ആരംഭിച്ചെന്ന് ബാങ്ക് അധികൃതരും ജനപ്രതിനിധികളും ആവർത്തിച്ച് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നൽകിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും വെള്ളത്തിലായി.
പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത ഫിലോമിന, വിദഗ്ദ്ധ ചികിത്സക്ക് പണമില്ലാതെ കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് പലരും പ്രതികരിക്കാൻ തയ്യാറായത്. സ്വന്തം പണം ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാർ ആട്ടിയോടിച്ചെന്നായിരുന്നു മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പറഞ്ഞത്. കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ വന്നതോടെയാണ് ഫിലോമിനയുടെ ജീവൻ പൊലിഞ്ഞത്.
ചോര നീരാക്കി സമ്പാദ്യം
35 കൊല്ലം ദുബായിലായിരുന്നു ജോസഫ് (68). ചോര നീരാക്കി അദ്ധ്വാനിച്ച് കിട്ടിയ പണമാണ് ബാങ്കിലിട്ടത്. ഭാര്യ റാണി വീട്ടമ്മയാണ്. മക്കളെ ശുശ്രൂഷിച്ച് അവരും അവശയായി. ഇങ്ങനെ നിരവധി പേരുണ്ട് കരുവന്നൂർ ബാങ്കിന്റെ ചുറ്റുവട്ടത്ത്.