1

തൃശൂർ: സാമ്പത്തിക ക്രമക്കേടിൽ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽ നിന്നും പ്രഖ്യാപിച്ച ആശ്വാസ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായപ്പോൾ ആശങ്കയിൽ കഴിയുന്നത് പതിനായിരത്തിലേറെ നിക്ഷേപകർ.

ദിവസം പരമാവധി 25 പേർക്ക് 10,000 രൂപ വീതം തിരികെനൽകാമെന്നായിരുന്നു ബാങ്കിന്റെ ആദ്യവാഗ്ദാനം. എന്നാൽ നിക്ഷേപകർക്ക് ഒരാഴ്ചയിൽ ഒരു തവണ 10,000 രൂപ മാത്രമേ പിൻവലിക്കാനാകൂവെന്ന നിബന്ധനയും ഉണ്ടായിരുന്നു. പക്ഷേ, അതുപോലും നടപ്പായില്ല.

പ്രവാസജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയതും ജോലിയിൽ നിന്ന് വിരമിക്കുമ്പാേൾ കിട്ടിയതുമെല്ലാം മക്കളുടെ കല്യാണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി നിക്ഷേപിച്ചവരാണ് ഇതോടെ കുടുങ്ങിയത്.

ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കഴിഞ്ഞവർഷം ജൂലായ് 14 മുതൽ ബാങ്കിന് മുന്നിൽ 10,000 രൂപയ്ക്കായി നിക്ഷേപകരുടെ നിരയായിരുന്നു. നിക്ഷേപം തിരികെ കിട്ടാനുളള ടോക്കൺ വാങ്ങാൻ പുലർച്ചെ മുതൽ നിക്ഷേപകർ ക്യൂ നിന്നു. ആ ബഹളമാണ് ഇപ്പോൾ ആത്മഹത്യയിലേക്കും പണമില്ലാത്തതു കാരണം ചികിത്സ കിട്ടാതെയുളള മരണങ്ങളിലേക്കും വഴിതെളിച്ചത്.

തട്ടിപ്പിന്റെ തുടക്കം

2010 മുതലാണ് തട്ടിപ്പുകളുടെ തുടക്കം. സി.പി.എം ഭരിക്കുന്ന ബാങ്കിന്റെ നിർണായകസ്ഥാനങ്ങളിലുള്ള ജീവനക്കാർ പാർട്ടിയുടെ ഭാരവാഹികളായതോടെ ക്രമക്കേട് മുക്കി. കേസിൽ മുഖ്യപ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ കെ.എം. ബിജു കരീം എന്നിവർ സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമായിരുന്നു.

ബാങ്ക് കമ്മിഷൻ ഏജന്റായി നിയമിച്ച കിരൺ പാർട്ടിയുടെ സഹായത്തോടെയാണ് എത്തിയതെന്നും ആരോപണമുണ്ടായിരുന്നു. മുഖ്യപ്രതിയായ കിരണിന്റെ മാത്രം അക്കൗണ്ടിലേക്ക് ബാങ്കിൽ നിന്ന് 46 ആളുടെ പേരിലെടുത്ത 22.85 കോടി എത്തിയെന്നത് തട്ടിപ്പിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയാണ് കിരണിനെ പിടികൂടിയത്.

നോട്ട് നിരോധനമായിരുന്നു തട്ടിപ്പ് പൊളിച്ചത്. അതുവരെ റിയൽ എസ്റ്റേറ്റിലേക്ക് ഇറക്കിയ കോടികൾ തിരിച്ചു പിടിക്കാൻ കഴിയാതെ പോയതോടെ എല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. തട്ടിപ്പിനെതിരെ പ്രതിഷേധിച്ചതിന് ബാങ്ക് എക്‌സ്റ്റൻഷൻ കൗണ്ടറിലെ ഇൻ ചാർജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പാർട്ടിയിൽ നിന്നും പുറത്താക്കി. ഈ പ്രതികാരനടപടി ഒരു താക്കീതാണെന്ന സന്ദേശവും നൽകി. തട്ടിപ്പ് സംബന്ധിച്ചുളള പരാതിയിൽ പാർട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും മുക്കി. നടപടി വേണമെന്ന അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടിലും നടപടി ഉണ്ടായില്ല. അങ്ങനെ തട്ടിപ്പിന് തണലായി. മുഖ്യആസൂത്രകർ പാർട്ടിയുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം പലവഴികളിലൂടെ തട്ടിപ്പ് തുടർന്നു.