തൃശൂർ: നിക്ഷേപ കാലാവധി പൂർത്തിയായിട്ടും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തുക തിരിച്ചു നൽകാനാകാതെ വലയുകയാണ് ജില്ലയിലെ 11 സഹകരണ സംഘങ്ങൾ. നിക്ഷേപകരാവട്ടെ പണം ലഭിക്കാതെ വലയുകയാണ്. കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക്, പുത്തൂർ സഹകരണ ബാങ്ക് എന്നിവ ഇവയിൽ പെടും.
നിക്ഷേപക ഗ്യാരണ്ടി പദ്ധതിയിൽ നിന്നും തുക കണ്ടെത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് സഹകരണ മന്ത്രി പറയുന്നത്. സംസ്ഥാനത്ത് 164 സംഘങ്ങൾ പ്രതിസന്ധിയിൽ വലയുന്നുണ്ട്. ക്രമക്കേടുകളെ തുടർന്നും അല്ലാതെയും പ്രതിസന്ധിയിലായ സംഘങ്ങളാണ് ഇവ. ചികിത്സയ്ക്കു പോലും പണം ലഭിക്കാതെ വലയുന്ന നിക്ഷേപകരുണ്ട്. അതിനിടെ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപത്തുക ലഭിക്കാതെ മാപ്രാണം സ്വദേശി ഫിലോമിന ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സർക്കാർ ജില്ലാ സഹകരണ വകുപ്പ് അധികൃതരോട് റിപ്പോർട്ട് തേടി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് വിവരം. കരുവന്നൂർ പ്രശ്‌നം പരിഹരിക്കാനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ നൽകാൻ ജില്ലാ സഹകരണ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഉടൻ അപേക്ഷിക്കും. കേരളബാങ്കിൽ ഓവർ ഡ്രാഫ്റ്റിനുള്ള അപേക്ഷ നേരത്തെ നൽകിയിട്ടുണ്ട്.
കരുവന്നൂരിൽ ഇതുവരെ 40 കോടി രൂപ നിക്ഷേപകർക്ക് നൽകിയെന്നാണ് സഹകരണ വകുപ്പ് അധികൃതർ പറയുന്നത്. വായ്പാ കുടിശിക പരിവ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷുച്ചന്ത നടത്തിയിരുന്നു. ഓണച്ചന്ത നടത്തും. സൂപ്പർ മാർക്കറ്റുകളും പ്രവർത്തിക്കുന്നുണ്ട്. കേരള ബാങ്കിൽ നിന്നും വായ്പ ലഭിച്ചാൽ 50,000 രൂപ മുതലുള്ള ചെറു വായ്പകൾ നൽകി പലിശയിനത്തിൽ വരുമാനം കണ്ടെത്തി പ്രതിസന്ധി മറികടക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കാലാവധി പൂർത്തിയായിട്ടും തുക നൽകാനാവാത്ത സംഘങ്ങൾ
പുത്തൂർ സഹകരണ ബാങ്ക്
ഒല്ലൂർ സോഷ്യൽ വെൽഫയർ സഹകരണ സംഘം
പുത്തൂർ വനിതാ സഹകരണ സംഘം
തൃശൂർ റീജ്യണൽ വെഹിക്കിൾ ഓണേഴ്‌സ് സഹകരണ സംഘം
തൃശൂർ ജില്ലാ ടൂറിസം ആയുർവേദിക് സഹകരണ സംഘം
മാടക്കത്തറ പട്ടികജാതി സഹകരണ സംഘം
ചാലക്കുടി അർബൺ സഹകരണ ബാങ്ക്
മാള പഞ്ചായത്ത് റൂറൽ സഹകരണ സംഘം
കരുവന്നൂർ സഹകരണ ബാങ്ക്
ഇരിങ്ങാലക്കുട മൾട്ടി പർപ്പസ് സഹകരണ സംഘം
പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം