പുന്നയൂർക്കുളം: ക്ലീൻ പുന്നയൂർക്കുളമെന്ന ലക്ഷ്യം നേടാൻ വിവിധ പദ്ധതികളുമായി പുന്നയൂർക്കുളം പഞ്ചായത്ത്. ആദ്യഘട്ടമായി പഞ്ചായത്തിനെ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. തുണി സഞ്ചി, ബാഗ്, പേപ്പർ ബാഗ് എന്നിവ നിർമ്മിക്കും. വനിതാ സംരംഭങ്ങൾ വഴിയാണ് നിർമ്മാണം. അഞ്ച് ലക്ഷം രൂപ വനിതാ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പഞ്ചായത്ത് വകയിരുത്തി. ഇതുവഴി വനിതൾക്ക് വരുമാനം കണ്ടെത്താനും സ്വയംപര്യാപ്തത കൈവരിക്കാനും കഴിയും.
ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ വഴി വീടുകൾ കേന്ദ്രീകരിച്ച് ഉപയോഗ ശൂന്യമായ തുണികൾ ശേഖരിക്കും. ശേഖരിച്ച തുണി കൊണ്ട് ബാഗ്, സഞ്ചി എന്നിവ നിർമ്മിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തെ വനിതകൾക്ക് കുടുംബശ്രീ മുഖേന തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകിയിരുന്നു. ഇതിനായി ഒരു യൂണിറ്റും സജ്ജീകരിച്ച് ഇവിടെ തുണിസഞ്ചി നിർമ്മാണത്തിനുള്ള തയ്യൽ മെഷീനും ഒരുക്കിയിട്ടുണ്ട്. പേപ്പർ ബാഗ് നിർമ്മാണത്തിനുള്ള യന്ത്രം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. സ്റ്റീൽ പാത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സംരംഭവും നടപ്പാക്കും. ഒരു രൂപയാണ് ഒരു പാത്രത്തിന്റെ വാടക. ഹരിതകർമ്മ സേനാംഗങ്ങൾ മുഖേനയാണ് വിതരണം ചെയ്യുക.

പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിന് വൈദ്യുതി കണക്ഷൻ കൂടി ലഭ്യമാക്കിയ ശേഷം നിർമ്മാണം ആരംഭിക്കും.
-ജാസ്മിൻ ഷഹീർ (പഞ്ചായത്ത് പ്രസിഡന്റ്)