ഇരിങ്ങാലക്കുട: പ്രഥമ നൈപുണ്യ പരിചയമേള സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇന്ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 20 ലക്ഷം പേർക്ക് തൊഴിലെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. വിവിധ തൊഴിൽ മേഖലകൾ, ബന്ധപ്പെട്ട കോഴ്‌സുകൾ, കോഴ്‌സിന്റെ പ്രത്യേകതകൾ, തൊഴിൽ സാദ്ധ്യതകൾ, സർട്ടിഫിക്കേഷൻ, പരിശീലനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ പരിചയപ്പെടാനും ചോദിച്ചറിയാനും കഴിയും. എൻ.സി.വി.ടി അംഗീകാരം നേടിയ 103 ഓളം കോഴ്‌സുകളാണ് മേളയിൽ പരിചയപ്പെടുത്തുക. വിദ്യാർത്ഥികൾക്ക് കേരള നോളേജ് ഇക്കോണമി മിഷൻ വഴി ലഭ്യമായ സ്‌കോളർഷിപ്പുകളും കാനറ ബാങ്കുമായി സഹകരിച്ച് സ്‌കിൽ ലോൺ പദ്ധതിയെകുറിച്ചുള്ള വിവരങ്ങളും മേളയിൽ ലഭിക്കും. ഐ.ടി, മീഡിയ, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ, മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ദ്ധർ നയിക്കുന്ന സ്‌കിൽ ടോക്ക്, തൊഴിൽ കമ്പോളത്തിലേക്ക് സജ്ജമാക്കുന്നതിന് വേണ്ടിയുള്ള പ്ലേസ്‌മെന്റ് ഗ്രൂമിംഗും നടക്കും. ഇഷ്ട കോഴ്‌സുകൾ തിരഞ്ഞെടുക്കാനും രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്. 15 ഓളം തൊഴിൽ മേഖലകളെകുറിച്ചുള്ള സ്റ്റാളുകളുമുണ്ട്. മേളയിൽ അസാപ്പ് കേരള സി.എം.ഡി ഉഷ ടൈറ്റസ്, ജനപ്രതിനിധികൾ, അസാപ്പ് മേധാവികൾ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. രജിസ്‌ട്രേഷൻ രാവിലെ 8 മുതൽ 9.30 വരെ നടക്കും.