1
ധ്വനി ഉപകരണത്തിന് ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. വിഷ്ണുരാച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് സ്വീകരിക്കുന്നു.

തൃശൂർ: സംസാരശേഷിയില്ലെങ്കിലും ഇനി സംസാരിക്കാം, സ്മാർട്ടായി..! സംസാരശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന യന്ത്രം നിർമ്മിക്കുകയെന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിന്റെ ധ്വനിയാണ് ഈ സഹായി. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് അടക്കം ഈ യന്ത്രം ഉപയോഗിക്കാനുമാകും.

കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗാണ് എൻജിനിയറിംഗ് കോളേജുകൾക്കായി മത്സരം സംഘടിപ്പിച്ചത്. വിദേശ സാങ്കേതിക വിദ്യയിൽ ഈവിധമുള്ള ഉപകരണങ്ങളുണ്ടെങ്കിലും തദ്ദേശീയമായി വികസിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ 15 എൻജിനിയറിംഗ് കോളേജുകളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് സങ്കേതിക സർവകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിഷ്ണുരാച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, സോഷ്യൽ ജസ്റ്റിസ് വകുപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടർ എം. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.

പിന്നണിയിൽ

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.ആർ. വിഷ്ണുരാജ്, ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ നാലാം സെമസ്റ്റർ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികളായ എ.ജെ. അഭിനവ്, അഭിറാം പ്രകാശ്, അഭിഷേക് എസ്. നായർ, യു. ഐശ്വര്യ, എം.ആർ. ഏയ്ഞ്ചൽ റോസ്, കെ. ഋഷികേശ് കൃഷ്ണൻ എന്നിവരാണ് യന്ത്രം നിർമ്മിച്ചത്.

ധ്വനി

സംസാരശേഷിയില്ലാത്തവർക്കും ഓട്ടിസം ബാധിതർക്കും സഹായകമാകുന്ന ചെലവു കുറഞ്ഞ തദ്ദേശീയ യന്ത്രമാണ് ധ്വനി. നാല് സന്ദേശം വരെ റെക്കാഡ് ചെയ്തുവച്ച് പിന്നീട് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദം ഉപയോഗിക്കാവുന്ന വിധമാണ് പ്രവർത്തണം. വിദേശനിർമ്മിത യന്ത്രത്തിന് പതിനായിരം മുതൽ ഇരുപതിനായിരം വരെ വിലവരുമെങ്കിൽ ധ്വനിക്ക് ഇതിന്റെ മൂന്നിലൊന്നേ വരൂ. തൃശൂരിലെ സ്‌പെഷ്യൽ സ്‌കൂളിൽ ട്രയൽ നടത്തി വിജയിച്ച ശേഷമാണ് വിദ്യ ടീം സർവകലാശാലയിൽ യന്ത്രം അവതരിപ്പിച്ചത്.