തൃശൂർ: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശരവേഗത്തിൽ അജൻഡ പാസാക്കി ഭരണപക്ഷം കൗൺസിൽ യോഗം പിരിച്ചുവിട്ടു. മാലിന്യം രൂക്ഷമായെന്നും നഗരത്തിൽ ദുർഗന്ധം പേറി നടക്കാനാകുന്നില്ലെന്നും മാസ്റ്റർ പ്ലാനിൽ വ്യാജ ഒപ്പിട്ടെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. പ്രതീകാത്മക മാലിന്യക്കുട്ടകളുമായെത്തിയ കോൺഗ്രസ് അംഗങ്ങൾ നിൽപ്പ് സമരമാണ് നടത്തിയത്. മാസ്റ്റർ പ്ലാൻ വിഷയത്തിൽ കോടതി വിധി മാനിക്കാതെ മേയർ ഒളിച്ചോടിയെന്ന് ആക്ഷേപിച്ച് മാസ്റ്റർ പ്ലാനിന്റെ വലിയ കോപ്പിയും കോൺഗ്രസ് അംഗങ്ങൾ ഉയർത്തിക്കാട്ടി. ഈ സമരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ അജൻഡകളിലേക്ക് കടന്നു. കൗൺസിൽ നടപടികളെ തടസപ്പെടുത്തുകയില്ലെന്നും മാലിന്യ വിഷയത്തിൽ വ്യക്തമായ പരിഹാര മാർഗമുണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. കുട്ടകളുമായി ഏതാനും കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. എൻ.എ. ഗോപകുമാർ, എബി വർഗീസ്, സുനിതാ വിനു, സിന്ധു ആന്റോ ചാക്കോള, മേഴ്‌സി അജി എന്നിവർ നേതൃത്വം നൽകി. പൊതുചർച്ചയിലേക്ക് കടക്കാതെ അജൻഡയിലേക്ക് മേയർ കടന്നതോടെ. ചർച്ച അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കൗൺസിലർമാരും പ്രതിഷേധിച്ചു. ഇതോടെ ഭരണപക്ഷം 92 അജൻഡകൾ ഗില്ലറ്റിൻ ചെയ്ത് പാസാക്കിയെന്ന് പ്രഖ്യാപിച്ച് 15 മിനിറ്റുകൊണ്ട് യോഗം പിരിച്ചുവിട്ടു. മേയർ പുറത്തുപോകുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടായി അജൻഡയുടെ കോപ്പികൾ കീറിയെറിഞ്ഞു. മേയറുടെ ചേമ്പറിന് മുന്നിൽ ഇരുകൂട്ടരും അരമണിക്കൂർ കുത്തിയിരുന്നു. പ്രത്യേക കൗൺസിൽ യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മേയർക്ക് കത്ത് നൽകി. സമരത്തിന് ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, മേഴ്‌സി അജി, എ.കെ. സുരേഷ്, സനോജ് പോൾ, ശ്രീലാൽ ശ്രീധർ, വിനേഷ് തയ്യിൽ, ലീല വർഗീസ്, നിമ്മി റപ്പായി, അഡ്വ. വില്ലി, റെജി ജോയ്, മേഫി ഡെൽസൺ, വിനോദ് പൊള്ളാഞ്ചേരി, എൻ. പ്രസാദ്, പൂർണിമ സുരേഷ്, നിജി തുടങ്ങിയവർ പ്രതിപക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകി.