തൃശൂർ: രാജ്യത്തെ അഞ്ച് കർഷകത്തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം ഓഗസ്റ്റ് ഒന്നിന് കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടക്കും. ഭൂമി, വീട്, ജോലി, കൂലി, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തുല്യത എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ധർണ. തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലേക്ക് നടക്കുന്ന മാർച്ച് കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലാ കേന്ദ്രങ്ങളിലും ധർണ നടക്കും. പത്രസമ്മേളനത്തിൽ കെ.എസ്.കെ.ടി.യു ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, ബി.കെ.എം.യു സെക്രട്ടറി പി.കെ. കൃഷ്ണൻ, കെ.എസ്.കെ.ടി.യു. പ്രസിഡന്റ് എൻ.ആർ. ബാലൻ, എം.കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
മാർച്ച് ഇന്ന്
തൃശൂർ: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതുമൂലം ചികിത്സയ്ക്ക് പണമില്ലാതെ, ചികിത്സ മുടങ്ങി ജീവൻ നഷ്ടപ്പെട്ട ഫിലോമിനയുടെ മരണത്തിന് ഉത്തരവാദികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി ബിന്ദുവിന്റെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ പത്തിന് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും.