കൊടകര: മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം സ്‌കൂൾ മുൻ മാനേജർ പരേതനായ സി.കെ. ഗോപിനാഥിന്റെ ഛായാചിത്രം അനാശ്ചാദനം എന്നിവ തിങ്കളാഴ്ച നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4.30ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, സി.കെ. ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി. ജോസ് വിശിഷ്ടാതിഥിയാവും. ജില്ലാ ഡി.ഡി.ഇ: ടി.വി. മദനമോഹനൻ, വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. പി.ടി.എ പ്രസിഡന്റ് ബിജു തെക്കൻ പ്രതിഭകളെ അനുമോദിക്കും. മാനേജ്‌മെന്റ് പ്രതിനിധി വി.എച്ച്. മായ മുഖ്യപ്രഭാഷണം നടത്തും. ക്ലാസ് മുറിയിലെ ഒറ്റ പാട്ടിലൂടെ കേരളം മുഴുവൻ തരംഗമായി മാറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി എ.എസ്. മിലൻ, മിലന്റെ പാട്ട് ചിത്രീകരിച്ച അദ്ധ്യാപകൻ, പ്രവീൺ എം. കുമാർ, 1.44 കോടി രൂപയുടെ യു.എസ് സ്‌കോളർഷിപ്പിന് അർഹയായ പൂർവവിദ്യാർത്ഥി, വി.ബി. ശ്രീഭദ്ര എന്നിവരെ അനുമോദിക്കലും ചടങ്ങിൽ നടത്തും. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബിജു തെക്കൻ, പ്രധാനാദ്ധ്യാപിക എം. മഞ്ജുള, സ്റ്റാഫ് സെക്രട്ടറി ജെയ്‌മോൻ ജോസഫ്, പ്രവീൺ എം. കുമാർ എന്നിവർ പങ്കെടുത്തു.