പുതുക്കാട്: പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് രണ്ടര ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ശൗചാലയം അടച്ച് പൂട്ടി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ്, ട്രഷറി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ എത്തുന്നവവർക്ക് ഉപയോഗിക്കാനായി നിർമ്മിച്ചതാണ് ശൗചാലയം. പൂട്ടിയിട്ട ശൗചാലയത്തിന്റെ സമീപത്ത് മാലിന്യക്കൂമ്പാരവും സെപ്റ്റിക് ടാങ്ക് മാലിന്യവും ഒഴുകുന്ന നിലയിലാണ്. ഇതിന് ഏറെ അകലെ അല്ലാതെയാണ് പഞ്ചായത്തിന്‌റെ കാന്റീൻ പ്രവർത്തിക്കുന്നത്. ഇവിടെ 20 രൂപയ്ക്ക് ഊണ് ഉൾപ്പടെയുള്ളവ ആവശ്യക്കാർക്ക് നൽകി വരുന്നു. അതുകൊണ്ട് തന്നെ കാന്റീനിൽ ആവശ്യക്കാരേറെ എത്തുന്നുണ്ട്താനും.

വില്ലേജ് ഓഫീസിൽ വിവിധ അപേക്ഷകൾ നൽകാനും ട്രഷറിയിൽ പെൻഷൻ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കും ഹോമിയോ ആശുപത്രിയിൽ ചികിത്സാർത്ഥവും വയോജനങ്ങൾ, സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് ഇവിടെ പ്രതിദിനം എത്തുന്നത്. ഇ. ടോയ്്ലെറ്റ് ഉണ്ടെങ്കിലും വയോജനങ്ങളുൾപ്പടെയുള്ളവർക്ക് അതിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ അറിവില്ലാത്തതിനാൽ പലരും ശങ്ക തീർക്കാനാകാതെ ദുരിതം പേറുന്ന അവസ്ഥയാണ്. മാത്രമല്ലാ ഇ. ടോയ്്ലെറ്റിൽ പണം നൽകി വേണം ഉപയോഗമെന്നതും ആളുകളെ കുഴയ്ക്കുന്നുണ്ട്. മാലിന്യം നീക്കി ശൗചാലയം പഞ്ചായത്ത് ഓഫിസിലും സമീപ ഓഫിസിലും എത്തുന്ന പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ചെങ്ങാലൂർ സ്വദേശി പ്രസന്നകുമാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

ഇ. ടോയ്‌ലെറ്റ് ഉപയോഗിക്കാമെന്ന് പഞ്ചായത്ത്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്നവരുൾപ്പടെയുള്ളവർ പഞ്ചായത്ത് കോമ്പൗണ്ടിലെ ശൗചാലയം ദുരുപയോഗം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് പൂട്ടിയിട്ടതെന്നും പൊതുജനങ്ങൾക്ക് പുതുതായി നിർമ്മിച്ച ഇ. ടോയ്‌ലെറ്റ് ഉപയോഗിക്കാമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.