ചേലക്കര: വാഴക്കോട്-പ്ലാഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിലെ കൈയ്യേറ്റങ്ങൾ കെ.എസ്.ടി.പി അധികൃതർ പൊളിച്ച് നീക്കിത്തുടങ്ങി. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാഴക്കോട്- പ്ലാഴി (22 കി.മീ) റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റോഡ് പുറമ്പോക്ക് സർവേ ചെയ്യുകയും റോഡ് കൈയ്യേറ്റം സർവേയർ മാർക്ക് ചെയ്ത് അതിർത്തി കല്ലിട്ടിരുന്നു. റോഡ് കൈയ്യേറിയവർ എത്രയും വേഗം പൊളിച്ചുനീക്കണമെന്ന് അറിയിപ്പും നൽകിയിരുന്നു. ഇന്നലെ മുതൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തുടങ്ങി. വാഴക്കോട് ഭാഗത്തു നിന്നാണ് ആരംഭിച്ചിട്ടുള്ളത്. കെ.എസ്.ടി.പി അസിസ്റ്റന്റ് എൻജിനിയർ ആരതി, സോഷ്യോളജിസ്റ്റ് നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. വരും ദിവസങ്ങളിലായി പ്ലാഴി വരെയുള്ള ഭാഗങ്ങളിലെ പുറമ്പോക്ക് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.