1
ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​ടെ​ ​സു​വ​ർ​ണ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​ തു​ട​ക്കം കുറിച്ച് നഗരത്തിൽ നടന്ന സാം​സ്‌​കാ​രി​ക​ ​ഘോ​ഷ​യാ​ത്ര.

ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം. സാംസ്‌കാരിക ഘോഷയാത്ര, പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട് മെഗാഷോ എന്നിവയായിരുന്നു ആദ്യ ദിനം നടന്നത്. താളമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര അക്ഷരാർത്ഥത്തിൽ നഗരത്തിന്റെ മനം കവർന്നു.

കാവടിയാട്ടം, തെയ്യം, കരകാട്ടം, നാടൻ കലാരൂപങ്ങൾ എന്നിവയുമായി നീങ്ങിയ ഘോഷയാത്ര വീക്ഷിക്കാൻ ജനങ്ങൾ തിങ്ങിനിറഞ്ഞു. ആയിരങ്ങളാണ് ഘോഷയാത്രയ്‌ക്കെത്തിയത്. യൂണിഫോമുമായി എ.ഡി.എസ് പ്രവർത്തരും ആശാ വർക്കർമാരും റാലിക്ക് മാറ്റുകൂട്ടി. ബലൂണും ബാന്റ് മേളങ്ങളുമായി വിദ്യാർത്ഥികളും അണിചേർന്നു. കൗൺസിലർമാരും മുൻനിരയിലുണ്ടായിരുന്നു.

ചെയർമാൻ എബി ജോർജ്ജ്, സംഘാടക സമിതി ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, കൗൺവീനർമാരായ വത്സൻ ചമ്പക്കര, കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കലാഭവൻ മണി പാർക്കിലായിരുന്നു ഘോഷയാത്രയുടെ സമാപനം. തുടർന്ന് മികച്ച പ്രകടനം കാഴ്ച വച്ച എ.ഡി.എസ് ഗ്രൂപ്പുകൾക്ക് സമ്മാനങ്ങളും നൽകി.

ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ചെയർമാൻ എബി ജോർജ്ജ്, സംഘാടക സമിതി ചെയർമാൻ വി.ഒ. പൈലപ്പൻ, കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, വത്സൻ ചമ്പക്കര, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, കെ.വി. പോൾ, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നായിരുന്നു നാടൻ പാട്ടുമേള.

ഇന്ന്

ഇന്ന് വൈകീട്ട് ആറിന് കലാസന്ധ്യയും ഞായറാഴ്ച മന്ത്രിമാരും പ്രതിപക്ഷനേതാവും പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. രാത്രി ഏഴിന് എം.ജി. ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും ഉണ്ടാകും.

മുൻജനപ്രതിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധം
ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിൽ നിന്നും മുൻ എം.പിമാരെയും എം.എൽ.എമാരെയും ഒഴിവാക്കിയതിൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് വാർത്താ സമ്മേളനം നടത്തിയാണ് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷും അംഗങ്ങളും നിലപാട് വിശദീകരിച്ചത്.

നഗരസഭയുടെ ഇന്നത്തെ വികസനത്തിന് പിന്നിൽ മുൻകാല ജന പ്രതിനിധികളുടെ പങ്ക് ചെറുതല്ല. അവരുടെയും പ്രയത്‌നത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന വികസനമെല്ലാം. എന്നാൽ ഇതെല്ലാം കണ്ടില്ലെന്ന് നടക്കുന്നത് ന്യായമല്ല. ഇവരെ ക്ഷണിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, ഷൈജി സുനിൽ, ലില്ലി ജോസ്, കെ.എസ്. സുനോജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.