pachakam

തൃശൂർ : ഉച്ചഭക്ഷണത്തിന് ഫണ്ടില്ലാതെ അദ്ധ്യാപകർ നെട്ടോട്ടമോടുന്നതിനിടെ, ശമ്പള കുടിശികയുള്ളതിനാൽ അടുപ്പു പുകയ്ക്കാനും ആളില്ലാതാകുന്നു. രണ്ട് മാസമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ പാചകം നടത്തില്ലെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. സ്‌കൂൾ തുറന്ന് രണ്ട് മാസമായിട്ടും ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. സെപ്തംബർ വരെ ശമ്പളം നൽകാൻ കേന്ദ്ര സർക്കാർ മുൻകൂർ നൽകിയ ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന് സ്‌കൂൾ വർക്കേഴ്സ് അസോസിയേഷൻ ഭാരാവാഹികൾ ആരോപിച്ചു. ശമ്പളം നൽകാൻ തുകയ്ക്കായി വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണ ഫണ്ട് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകരും സമരരംഗത്തുണ്ട്. ഇതിനിടയിലാണ് പാചക തൊഴിലാളികളും സമരവുമായെത്തുന്നത്.

അവധിക്കാല ആനുകൂല്യമില്ല

മദ്ധ്യവേനലവധിക്കാലത്ത് തൊഴിലില്ലാതിരിക്കുന്ന സമയത്ത് തൊഴിലാളികൾക്ക് ആശ്വാസമായി 2000 രൂപ നൽകാറുണ്ടെങ്കിലും ഇത്തവണ അതും ലഭിച്ചില്ലെന്നും ഇവർ പറയുന്നു. പരീക്ഷാ കാലമായ മാർച്ചിൽ ആകെ 12 തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. അതുകഴിഞ്ഞ ശേഷം നാലുമാസമായി വേതനമില്ലാത്ത സ്ഥിതിയാണ്. അഞ്ഞൂറ് കുട്ടികൾ വരെ ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂളിൽ തൊഴിലാളികൾക്ക് 600 രൂപയും അതിന് മുകളിലുള്ളവർക്ക് 650 രൂപയുമാണ് വേതനം. മാസത്തിൽ 20 ദിവസമാണ് ജോലി ലഭിക്കുക.

സമരപ്രഖ്യാപന കൺവെൻഷൻ

ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് 29 ന് തിരുവനന്തപുരത്ത് സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ്, വൈസ് പ്രസിഡന്റ് വി.ലക്ഷ്മിദേവി, ജില്ലാ പ്രസിഡന്റ് വി.രമാദേവി, പാലക്കാട് ജില്ലാ പ്രസിഡന്റ് എം.ബേബി, ജില്ലാ സെക്രട്ടറി ജി.സത്യഭാമ എന്നിവർ പങ്കെടുത്തു.