തൃശൂർ : അയ്യന്തോളിലെ കോടതി സമുച്ചയത്തിന് സമീപമുള്ള ജില്ലാ മീഡിയേഷൻ സെന്ററിന്റെ മുറ്റത്തു വെച്ച് ഭാര്യയെയും, ഭാര്യാപിതാവിനെയും വാളുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മാള പുത്തൻചിറ സ്വദേശി ചങ്ങനാത്ത് ഷനിലിയെ (42) 12 വർഷം കഠിനതടവിനും, 1,60,000 രൂപ പിഴയടക്കാനും തൃശൂർ ഒന്നാം അഡീഷണൽ സബ് ജഡ്ജ് പി.കെ.റെജുല ശിക്ഷിച്ചു.
2015 ഡിസംബർ 29ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. ചൂലിശ്ശേരി വീട്ടിൽ കരേരക്കാട്ടിൽ വേണുഗോപാൽ, മകൾ അനഘ എന്നിവർക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കു പറ്റിയത്. വിദേശത്തായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. വിവാഹശേഷം പ്രതിയും, മാതാപിതാക്കളും ചേർന്ന് അനഘയ്ക്ക് നേരെ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം നടത്തിയതിനെത്തുടർന്ന് അനഘയും, കുഞ്ഞും പിതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് വിവാഹബന്ധം പുനഃസ്ഥാപിക്കുന്നതിന് ഷനിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കുടുംബകോടതി മീഡിയേഷന് വിടുകയായിരുന്നു. മീഡിയേഷനായാണ് വേണുഗോപാലും, മകൾ അനഘയും അയ്യന്തോൾ സിവിൽസ്റ്റേഷനടുത്തുള്ള ജില്ലാ മീഡിയേഷൻ സെന്ററിലെത്തിയത്. ടൗൺ വെസ്റ്റ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.യു.സേതുമാധവനാണ് കേസ് രജിസ്റ്റർ ചെയ്തത്.