
തൃശൂർ: കാർഷിക സർവകലാശാല ജനറൽ കൗൺസിൽ യോഗം ഉപസമിതി രൂപീകരണം പൂർത്തിയാക്കാതെ വൈസ് ചാൻസലർ പിരിച്ചുവിട്ടു. ഇന്നലെ വെള്ളാനിക്കര കാമ്പസിൽ ചേർന്ന യോഗമാണ് അവസാനഘട്ടത്തിൽ പിരിച്ചുവിട്ടത്. രണ്ട് കൊല്ലമായി ഉപസമിതികൾ രൂപീകരിക്കാത്തതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു.
സമിതി രൂപീകരിക്കണമെന്ന അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ ചന്ദ്രബാബു അംഗീകരിക്കുകയും നാമനിർദ്ദേശം നടത്തുകയും ചെയ്തു. അക്കൗണ്ട്സ് കമ്മിറ്റി, സ്റ്റാറ്റ്യൂട്ട് കമ്മിറ്റി, അഷ്വറൻസ് കമ്മിറ്റി എന്നിവയിലേക്ക് നോമിനേഷൻ നടത്തി. ഏഴ് മുതൽ ഒമ്പത് വരെ അംഗങ്ങൾ ഒരു കമ്മിറ്റിയിലാകാമെന്ന് വി.സി അടക്കമുള്ളവർ സമ്മതിച്ചു. യോഗത്തിൽ രണ്ട് വിഭാഗം രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളേ ഉള്ളൂവെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇൻ ചാർജ്ജിനെ പ്രസ്താവനയ്ക്ക് ക്ഷണിച്ചു.
ഇത് ചട്ടലംഘനമാണെങ്കിലും യോഗനടപടി തുടരാനായി അംഗങ്ങൾ ഇതിന് വഴങ്ങി. ഉപസമിതികൾ ഇപ്പോൾ രൂപീകരിക്കുന്നതിന് സ്റ്റാറ്റ്യൂട്ടിൽ തടസമുണ്ടെന്ന് പ്രസ്താവിച്ച രജിസ്ട്രാറോട് കെ.എ.യു ആകട് ചൂണ്ടിക്കാട്ടി നിയമം വായിക്കാൻ ജനറൽ കൗൺസിൽ അംഗം ഹരിലാൽ ആവശ്യപ്പെട്ടപ്പോൾ വൈസ് ചാൻസലർ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. സി.പി.ഐയിലെ രണ്ട് അംഗങ്ങളിൽ ഒരാൾ ഓൺലൈനായി പങ്കെടുത്തിരുന്നുവെന്ന് കൗൺസിലിൽ പങ്കെടുത്തവർ പറഞ്ഞു. മറ്റൊരാൾ പങ്കെടുത്തിരുന്നില്ല. ഓൺലൈനിൽ പങ്കെടുത്തയാളുടെ പേരും വി.സി കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചതായി പറയുന്നു. അത് അംഗീകരിച്ചു. തടസവാദം ഉന്നയിച്ച് ഇറങ്ങിപ്പോയി. അൽപ്പസമയത്തിന് ശേഷം തിരികെ വന്ന് യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.
കൗൺസിലിൽ പ്രതിഷേധം
രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനവുമായി സഭയ്ക്കകത്ത് ജനറൽ കൗൺസിൽ അംഗങ്ങൾ പ്രതിഷേധിച്ചു. വി.ശശികുമാർ, കെ.ജി.സിന്ധു, ഡോ.ടി.പ്രദീപ് കുമാർ, ഡോ.പി.കെ.സുരേഷ് കുമാർ, ഡോ.പ്രമോദ് കിരൺ ആർ.ബി, പി.കെ.ശ്രീകുമാർ, മുഹമ്മദ് സിനാൻ, നവനീത്, ഹരിലാൽ എന്നിവർ നേതൃത്വം നൽകി.
എന്തിന് ഉപസമിതികൾ
അക്കൗണ്ട്സ് കമ്മിറ്റി ഉണ്ടെങ്കിലേ വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യം നൽകാനാവൂ.
ജനറൽ കൗൺസിലിൽ പറയുന്നവ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അഷ്വറൻസ് കമ്മിറ്റിയാണ്.
നിയമനങ്ങൾക്കുള്ള ചട്ടമുണ്ടാക്കുന്നത് സ്റ്റാറ്റിയൂട്ട് കമ്മിറ്റിയാണ്.
രണ്ട് കൊല്ലമായി ഇവ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നു.
ജനാധിപത്യംസംരക്ഷിക്കണം: അശോകൻ ചരുവിൽ
തൃശൂർ: കാർഷിക സർവകലാശാലയിലെ ജനാധിപത്യത്തെ നിരന്തരം നിഷേധിക്കുന്ന വൈസ് ചാൻസലറെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആവശ്യപെട്ടു. കാർഷിക സർവകലാശാല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാർ കാർഷിക വൃത്തി ജീവിതമാർഗ്ഗമാക്കി മാറ്റാവുന്ന ആത്മവിശ്വാസം ജനങ്ങൾക്ക് പകരുന്ന സമയത്താണ് കാർഷിക സർവകലാശാലയിൽ ജനാധിപത്യം നിഷേധിച്ച് സർക്കാർ നയങ്ങൾക്കെതിരെ വൈസ് ചാൻസലർ പുറംതിരിഞ്ഞ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറെയും മുഖ്യമന്ത്രിയെയും പ്രൊ. ചാൻസലറെയും കാണാൻ പൊതുജനത്തിന് തടസമില്ലെന്നിരിക്കെ വി.സി.യെ കാണാനോ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ കഴിയുന്നില്ലെന്ന് മുൻ എം.എൽ.എ.യും ജനറൽ കൗൺസിൽ അംഗവുമായ വി.ശശികുമാർ പറഞ്ഞു. ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.സുമ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ അംഗം ഹരിലാൽ, മുൻ അംഗം പി.ശ്രീജിത്ത്, ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി സന്തോഷ്, മറ്റ് നേതാക്കൾ സി.സുജാത, ഇ.ജി.സിന്ധു എന്നിവർ പ്രസംഗിച്ചു.