തൃശൂർ: അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനർനിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗത്തിൽ എം.എൽ.എമാരുടെ ആവശ്യം. ജില്ലയിലെ വിവിധ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ വേഗത്തിലാക്കാൻ യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ഒഫ് ലൈനായി ലഭിച്ച അപേക്ഷകളിൽ സെപ്തംബറോടെ നടപടികൾ പൂർത്തീകരിക്കാനും അതിനുശേഷം ഓൺലൈനായി ലഭിച്ച അപേക്ഷകൾ തീർപ്പാക്കാനും ആർ.ഡി.ഒമാർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഹരിത വി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം, ഓണാഘോഷം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരാഴ്ചയ്ക്കകം യോഗം ചേരാനും തീരുമാനമായി. എം.എൽ.എമാരായ എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത എന്നിവർ പങ്കെടുത്തു.