
തൃശൂർ: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി നടൻ സുരേഷ് ഗോപി.ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
സെറിബ്രൽ പാൾസി ബാധിച്ച രണ്ട് മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ലെന്ന് ജോസഫ് കഴിഞ്ഞദിവസം കേരള കൗമുദിയോട് പ്രതികരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാറിനെ വിളിച്ചറിയിക്കുകയായിരുന്നു.
പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്.ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടപ്പോൾ തരാതിരിക്കുകയും പ്രശ്‌നമാക്കിയതിനെ തുടർന്ന് പതിനായിരം രൂപയുടെ ബോണ്ട് നൽകുകയായിരുന്നു.അതിനുശേഷം ആറ് മാസം കഴിഞ്ഞാണ് പതിനായിരം നൽകിയത്.പിന്നീട് പണം വരുമ്പോൾ തരാമെന്നാണ് പറഞ്ഞെന്നും ജോസഫ് പ്രതികരിച്ചിരുന്നു.
വൃക്കരോഗിയാണ് ജോസഫ്.റാണിക്ക് ഈയിടെ വയറ്റിൽ മുഴയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.