
ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ മന്ത്രി ആർ.ബിന്ദുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. മുരിയാട് പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, പ്രവർത്തകരായ വിപിൻ വെളിയത്ത്, മുരളി, വിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാല് പേരും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മാർച്ച് ആൽതറക്കൽ പൊലീസ് തടഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു.കെ.തോമസ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് ശങ്കർ, ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീം, ആളൂർ സി.ഐ സിബിൻ, സൈബർ സെൽ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി.ജാക്‌സൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ.ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്, സതീഷ് വിമലൻ, ടി.വി.ചാർളി എന്നിവർ സംസാരിച്ചു.
വിജിലൻസ് അന്വേഷിക്കണമെന്ന് ടി.എൻ.പ്രതാപൻ
ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ പിതാവ്, സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് ആരോപിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ എം.പി ടി.എൻ.പ്രതാപൻ. മരണപ്പെട്ട മാപ്രാണം സ്വദേശിനി ഫിലോമിനയുടെ വീട്ടിൽ സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി.