prethishethamപൊരിബസാർ കല്ലുംപുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരം പ്രൊഫ. കെ.എ. സിറാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ പുരം പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാർഡുകളെ ബന്ധിപ്പിക്കുന്ന പൊരിബസാർ കല്ലുംപുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 98-ാം ബൂത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ചെളിക്കുളമായ ഈ റോഡിലൂടെ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ദിനംപ്രതി റോഡിനെ ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ ഏറെ പാടുപ്പെട്ടാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത് അപകടം വിളിച്ചുവരുത്തുകയാണ്. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പഞ്ചായത്ത് ഈ റോഡിനെ അവഗണിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സിറാജ് സമരം ഉദ്ഘാടനം ചെയ്തു. യഹിയ കണ്ണെഴുത്ത് അദ്ധ്യക്ഷനായി. ഗണേശൻ പടിയത്ത്, പി.എസ്. നാസർ, പി.എ. ഷാജി, വി.സി. കാർത്തികേയൻ, ഇബ്രാഹിം വേഴവന, കെ.എ. ഹൈദ്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗഫൂർ അറക്കൽ, നിഷാഫ് കോതപറമ്പ്, താജുദ്ദീൻ താജു, കാദർ പുത്തൻപുരയിൽ, വത്സല തുടങ്ങിയവർ നേതൃത്വം നൽകി.