
തൃശൂർ: പാട്ടുകൾ എഴുതി വെച്ചിട്ടില്ല, എന്റെ പാട്ട് പുസ്തകം മനസാണെന്ന് നഞ്ചിയമ്മ. തൃശൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പാട്ടുകളെല്ലാം പുസ്തകത്തിലാക്കണമെന്നുണ്ട്. ഇപ്പോൾ എല്ലാം ഈ മനസിലുണ്ട്. അത് മറക്കില്ല. ഞങ്ങൾ പഴമക്കാർക്ക് എഴുത്തും വായനയും അറിയില്ല.
ലിപിയുമില്ല. പാട്ടുകൾ മനസിൽ സൂക്ഷിക്കും. മറക്കില്ല, പാടിക്കൊണ്ടേയിരിക്കും. പാടിപ്പാടിയാണ് ഓരോരുത്തരിലേക്കും പകരുന്നത്. ഞങ്ങളുടെ കാലശേഷം പാട്ടുകൾ മൺമറഞ്ഞുപോകും. എഴുത്തും വായനയും അറിയാവുന്ന ബുദ്ധിയുള്ള കുട്ടികൾ ഊരിലുണ്ട്. ഇന്നത്തെ തലമുറയെ നന്നായി പഠിപ്പിക്കുന്നുണ്ട്. പാട്ടുകൾ എഴുതി സൂക്ഷിക്കാൻ ഇനി അവർക്കാകട്ടെ. പാടത്തും കാട്ടിലും പണിയെടുക്കുമ്പോൾ മനസിൽ വരുന്ന വരികൾ അത് തറമാക്കിയിടും. സിനിമയ്ക്ക് മുന്നേ പാട്ടുകൾ പാടിപ്പാടിയാണ് ഇവിടെ വരെയെത്തിയത്. ഞങ്ങളുടെ പാട്ടിന് ലിപിയില്ല. ദൈവമകളെ എന്ന പാട്ട് കുട്ടികൾക്കായുള്ളതാണ്. സച്ചി സാർ ചോദിച്ചപ്പോൾ ആദ്യം കൊടുത്തത് ആ പാട്ടാണ്. ഇതുപോലെ വേറെയുണ്ടോ എന്ന് സാറ് വീണ്ടും ചോദിച്ചപ്പോഴാണ് സലക്കാത്ത സന്ദനമേറു... എന്ന പാട്ട് സിനിമയ്ക്കായി കൊടുത്തത്.
ഇഷ്ടമായെങ്കിൽ എടുത്തോളൂവെന്നാണ് പറഞ്ഞത്. ചിരിച്ചുകൊണ്ടാണ് പാട്ടുകൊടുത്തത്. പാട്ടു പാടിക്കഴിഞ്ഞ് കരഞ്ഞുകൊണ്ടാണ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിയത്. അതൊന്നും മനസിൽ നിന്നും പോയിട്ടില്ല. ഹൃദയത്തിൽ നിന്നാണ് ആ പാട്ടുണ്ടായത്. ഊരിലെ പെണ്ണുങ്ങൾക്കും കുട്ടികൾക്കുമായാണ് ഞങ്ങളുടെ ഓരോ പാട്ടും. അവരുടെ സങ്കടവും സന്തോഷവുമെല്ലാം അതിലുണ്ടാകുമെന്നും നഞ്ചിയമ്മ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു സ്വാഗതവും ട്രഷറർ കെ.ഗിരീഷ് നന്ദിയും പറഞ്ഞു.